| Tuesday, 8th September 2020, 7:32 pm

'സത്യമെന്ന് തെളിയിച്ചാല്‍ 101 തവണ ഏത്തമിടും'; ദുര്‍ഗാ പൂജ വിവാദത്തില്‍ മറുപടിയുമായി മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നിരോധിക്കുമെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കവെ വിഷയത്തില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ദുര്‍ഗാപൂജ ഒഴിവാക്കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടന്നിട്ടില്ലെന്നും പ്രചരണം സത്യമെന്ന് തെളിയിച്ചാല്‍ 101 വട്ടം ഏത്തമിടാന്‍ തയ്യാറാണെന്നും മമത പറഞ്ഞു.
” സര്‍ക്കാര്‍ ദുര്‍ഗാ പൂജ നിരോധിച്ചുവെന്ന് പറഞ്ഞ് വ്യാജ പ്രചരണങ്ങളാണ് നടക്കുന്നത്. നിങ്ങള്‍ ഇത് സത്യമെന്ന് തെളിയിച്ചാല്‍ ഞാന്‍ 101 വട്ടം ഏത്തമിടും. പൊതുജനങ്ങള്‍ ഒരിക്കലും ഇത് പൊറുക്കില്ല”, മമത പറഞ്ഞു.

ലോക്ക് ഡൗണിന് ശേഷം ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കായുളള തയ്യാറെടുപ്പുകള്‍ പലഭാഗത്തായി നടക്കവെയാണ് ദുര്‍ഗപൂജ വേണ്ടെന്നുവെക്കുമെന്ന പ്രചരണങ്ങള്‍ വ്യാപകമായി പശ്ചിമ ബംഗാള്‍ കേന്ദ്രീകരിച്ച് നടന്നത്.
വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു.ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും 101 തവണ ഏത്തമിടീപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്തെ മത സൗഹാര്‍ദം തകര്‍ക്കാനാണ് ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്തെ ഹിന്ദുക്കളെ പ്രകോപിപ്പിക്കുന്ന വിധത്തിലുള്ള വ്യാജ വാര്‍ത്തള്‍ അടിച്ചിറക്കുന്നവര്‍ക്കെതിരെ താന്‍ മൂന്നാം വട്ടം അധികാരത്തില്‍ വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദുര്‍ഗാപൂജയോടനുബന്ധിച്ച് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് വ്യാജ വാര്‍ത്തകള്‍ പശ്ചിമബംഗാളിലെ പലകോണുകളില്‍ നിന്നായി വ്യാപകമായി പ്രചരിച്ചിരുന്നു. കൊവിഡ് 19 പരിശോധന നടത്തിയ അഞ്ച് പേര്‍ക്ക് മാത്രമേ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രധാനമായും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വാര്‍ത്തയ്ക്ക് പിന്നാലെ ബംഗാളില്‍ കടുത്ത പ്രതിഷേധം രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മമത ബാനര്‍ജി തന്നെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

നേരത്തെ പശ്ചിമബംഗാള്‍ പൊലീസും വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ദുര്‍ഗ പൂജയുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ല. അത്തരത്തിലൊരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ ഈ വ്യാജ വാര്‍ത്ത ആരും പ്രചരിപ്പിക്കരുത് എന്നായിരുന്നു പശ്ചിമ ബംഗാള്‍ പൊലീസ് ആവശ്യപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamata Banarjee on Durga Pooja controversy

We use cookies to give you the best possible experience. Learn more