കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുടെ നില കൂടുതല്‍ പരുങ്ങലിലേക്ക്. അടുത്തിടെ ബി.ജെ.പി. വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുകുള്‍ റോയിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
ബി.ജെ.പി. നേതാക്കളുമായും സംഘടനാ ഭാരവാഹികളുമായും ഫോണില്‍ സംസാരിച്ചുവെന്ന് മുകുള്‍ റോയ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഒരുപടി കൂടി കടന്ന് ബി.ജെ.പിയിലെ 30 ഓളം എം.എല്‍.എമാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് മുകുള്‍ റോയിയുടെ മകന്‍ സുഭ്രാംഗ്ഷു റോയ് പറയുന്നത്.
’25-30 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ നിന്ന് തൃണമൂലിലേക്ക് വരും. രണ്ട് ബി.ജെ.പി. എം.പിമാരും തൃണമൂലിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്,’ സുഭ്രാംഗ്ഷു റോയ് പറഞ്ഞു.
നേരത്തെ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരി വിളിച്ചുചേര്‍ത്ത യോഗത്തില്‍ 25 എം.എല്‍.എമാര്‍ പങ്കെടുത്തിരുന്നില്ല. അതേസമയം എം.എല്‍.എമാര്‍ അനാരോഗ്യം മൂലമാണ് പങ്കെടുക്കാത്തതെന്നും ഇക്കാര്യം തന്നെ അറിയിച്ചിരുന്നെന്നുമാണ് സുവേന്തു അധികാരി പറഞ്ഞത്.
എന്നാല്‍ ബംഗാളില്‍ മുകുള്‍ റോയിയുമായി അടുപ്പമുള്ള പലനേതാക്കളും തൃണമൂലിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. 2017 ലാണ് തൃണമൂല്‍ വിട്ട് മുകുള്‍ റോയ് ബി.ജെ.പിയിലെത്തിയത്. പശ്ചിമ ബംഗാള്‍ പിടിക്കാന്‍ ബി.ജെ.പി. നടത്തിയ ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു മുകുള്‍ റോയിയുടെ പാര്‍ട്ടി പ്രവേശനം.
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയിലെത്തിയ നേതാക്കളെക്കുറിച്ചു തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം വിവരമൊന്നുമില്ലെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നു സംശയിക്കുന്നതായി ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മറ്റു പാര്‍ട്ടികളില്‍ നിന്നും 33 എം.എല്‍.എമാരാണു ബി.ജെ.പിയിലെത്തിയത്. ഇതില്‍ ഭൂരിഭാഗം പേരും തൃണമൂല്‍ വിട്ടവരായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Mamata Banarjee Mukul Roy BJP Trinamool Congress West Bengal Amith Shah