| Sunday, 21st February 2021, 6:44 pm

'മോദി ഒന്നും ചെയ്യില്ല'; പെട്രോളിൽ ജനരോഷം കത്തുമ്പോൾ നികുതി ഇളവ് പ്രഖ്യാപിച്ച് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പെട്രോൾ, ഡീസൽ വില കുതിച്ചുയരവെ സംസ്ഥാന സർക്കാർ ഈടാക്കുന്ന നികുതിയിൽ ഒരു രൂപ കുറച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഞായറാഴ്ച അർദ്ധരാത്രിമുതൽ നികുതി ഇളവ് പ്രാബല്യത്തിൽ വരുമെന്ന് മമത പറഞ്ഞു.

നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി സർക്കാർ പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോൾ മമത ജനങ്ങൾക്കൊപ്പം നിൽക്കുകയാണെന്ന് തൃണമൂൽ കോൺ​ഗ്രസ് പറഞ്ഞു. രാജ്യത്ത് തുടർച്ചയായി പതിമൂന്ന് ദിവസം ഇന്ധന വില കൂട്ടിയിരുന്നു. പെട്രോൾ ഡീസൽ വില കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ ജന രോഷം ഉയരുന്നുണ്ട്.

രാജ്യത്തെ പല സ്ഥലങ്ങളിലും പെട്രോളിന്റെ വില നൂറ് കടന്നു. ഡീസലിന്റെ വിലയും 90 രൂപക്ക് മുകളിലായിരുന്നു. ഇന്ധനവില വര്‍ധനവ് പച്ചക്കറിയുടെയും മറ്റു അവശ്യ സാധനങ്ങളുടെയും വില വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ സമരങ്ങള്‍ നടന്നുവരുന്നുണ്ട്.

വില വര്‍ധനവ് തടയാന്‍ പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരെ കടുത്ത വിമര്‍ശനമുയരുന്നുണ്ട്. വലിയ നികുതി നഷ്ടമുണ്ടാക്കുന്നതിനാല്‍ ഈ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ അനുകൂലിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പശ്ചിമ ബം​ഗാളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയുടെ മുതിർന്ന നേതാക്കളെല്ലാം ശക്തമായ പ്രചരണ പ്രവർത്തനങ്ങളുമായി കൊൽക്കത്തയിലുണ്ട്. ഇതിനിടയിലാണ് മമത പെട്രോൾ വില വർദ്ധനവിൽ പൊറുതി മുട്ടിയ ജനങ്ങളോട് സംസ്ഥാന സർക്കാർ ഒരു രൂപ നികുതി ഇളവ് നൽകുമെന്ന് അറിയിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamata Banarjee Announces Re.1 deduction on fuel tax

We use cookies to give you the best possible experience. Learn more