കൊൽക്കത്ത: ക്രിസ്മസ് പൊതു അവധി റദ്ദാക്കിയതിനെ തുടർന്ന് കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുമ്പ് ക്രിസ്മസ് ആഘോഷം ദേശീയ അവധിയായി കണക്കാക്കിയിരുന്നു. എന്നാൽ നിലവിലെ കേന്ദ്ര സർക്കാർ അത് റദ്ദാക്കിയെന്ന് മമത പറഞ്ഞു.
‘മുമ്പ് ക്രിസ്മസ് ആഘോഷം ദേശീയ അവധിയായി കണക്കാക്കിയിരുന്നു. എന്നാൽ നിലവിലെ കേന്ദ്ര സർക്കാർ അത് റദ്ദാക്കിയിരുന്നു. ഇവിടെ പശ്ചിമ ബംഗാളിൽ ഞങ്ങൾ ഒരു അവധി പോലും റദ്ദാക്കിയിട്ടില്ല. പകരം ഞങ്ങൾ ഷെഡ്യൂൾ ചെയ്ത അവധികളുടെ എണ്ണം വർധിപ്പിക്കുകയാണ് ചെയ്തത്. എല്ലാവരും ആഘോഷങ്ങൾ ആഘോഷിക്കാൻ ആഗ്രഹിക്കുന്നു. എല്ലാ മതപരമായ ആഘോഷങ്ങളെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു, ‘ കൊൽക്കത്തയിലെ അലൻ പാർക്കിൽ നടന്ന കൊൽക്കത്ത ക്രിസ്മസ് ഉദ്ഘാടന പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
ബി.ആർ അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെയും മമത പ്രതികരിച്ചു. അംബേദ്കറിനെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ തന്നെ ശരിക്കും ഞെട്ടിച്ചുവെന്നും അവർ പറഞ്ഞു.
പിന്നാലെ കൊൽക്കത്തയിലെ ഐക്കണിക് സെൻ്റ് സേവ്യേഴ്‌സ് കോളേജ് സംഘടിപ്പിച്ച ക്രിസ്മസ് പരിപാടിയിൽ സംസാരിക്കുമ്പോഴും മമത ക്രിസ്മസ് അവധിയെക്കുറിച്ചും അംബേദ്ക്കറിനെതിരായ അമിത് ഷായുടെ പരാമര്ശത്തെക്കുറിച്ചും സംസാരിച്ചു.
‘മതം ഓരോരുത്തർക്കും വ്യക്തിപരമാണെങ്കിലും, ഉത്സവങ്ങൾ സാർവത്രികമാണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാൻ മതപരമായ അവസരങ്ങളിൽ അവധി പ്രഖ്യാപിച്ചത്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്, നമുക്ക് ഒരു പ്രത്യേക പാതയോ ജീവിതരീതിയോ നടപ്പിലാക്കാൻ കഴിയില്ല. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ അടിസ്ഥാനം.
അംബേദ്ക്കറിനെതിരായ അമിത് ഷായുടെ പരാമർശം ബി.ജെ.പിയുടെ ദളിത് വിരുദ്ധ മനോഭാവത്തിൻ്റെ പ്രകടനമാണ്. 240 സീറ്റിൽ ഒതുങ്ങിയതിന് ശേഷം അവർ ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ, അവരുടെ 400 സീറ്റുകൾ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരുന്നെങ്കിൽ അവർ വരുത്തിയേക്കാവുന്ന നാശം സങ്കൽപ്പിക്കുക. അംബേദ്കറുടെ സംഭാവനകൾ പൂർണമായും മായ്ച്ചുകളയാനുള്ള ശ്രമമാണ് അവർ നാടത്തുന്നത്,’ മമത പറഞ്ഞു.
Content Highlight: Mamata attacks Centre over cancellation of Christmas as national holiday