കൊൽക്കത്ത: ഒരു ശക്തിക്കും ഇന്ത്യയെ വിഭജിക്കാനാവില്ലെന്നും എല്ലാ മതങ്ങളിലെയും ജാതികളിലെയും ആളുകൾ ഐക്യത്തോടെ മാതൃരാജ്യത്തോടുള്ള സ്നേഹത്തിൽ നിലക്കൊള്ളുന്നതാണ് ഇതിന് കാരണമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ഇന്ത്യയിൽ പ്രത്യയശാസ്ത്രപരമായ പോരാട്ടം തുടരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും മമത ഊന്നിപ്പറയുകയുണ്ടായി. കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (കെ.ഐ.എഫ്.എഫ്) 29-ാം പതിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമത.
നല്ല ആളുകൾ രാഷ്ട്രീയത്തിൽ ചേരണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അല്ലാത്തപക്ഷം മോശമായ ആളുകളാൽ ഭരിക്കപ്പെടാൻ നമ്മൾ തയ്യാറാകണമെന്നും തൃണമൂൽ കോൺഗ്രസ് എം.പിയും മുതിർന്ന നടനുമായ ശത്രുഘ്നൻ സിൻഹ പറഞ്ഞു. രാജ്യത്ത് നാം ആരെയും അനാവശ്യമായി ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി മമത ബാനർജിയുടെ വീട് തന്റെ വീടിനേക്കാൾ ചെറുതായതിൽ എനിക്ക് അസൂയയുണ്ടെന്ന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് നടൻ സൽമാൻ ഖാൻ പറഞ്ഞു. താൻ മമതയുടെ വീട്ടിൽ ചെന്നപ്പോൾ ഈ സ്ഥാനത്തുള്ള ഒരാൾക്ക് ഇത്രയും ചെറിയ വീട്ടിൽ എങ്ങനെ താമസിക്കാൻ കഴിയുമെന്ന് അത്ഭുതപെട്ടുവെന്നും സൽമാൻ ചൂണ്ടിക്കാട്ടി.
അതേസമയം ബോളിവുഡ് – ബംഗാളി ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഖാന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് മമത പറഞ്ഞു. സൽമാൻ ഖാൻ ബംഗാളിൽ വന്ന് സിനിമ ചെയ്യണമെന്നും അതിനായി ആരെയും പേടിക്കേണ്ടതില്ലെന്നും ബംഗാൾ നിങ്ങളെ സ്നേഹിക്കുന്നുവെന്നും മമത കൂട്ടിച്ചേർത്തു.
‘കൊടുത്ത വാക്ക് ലംഘിക്കുകയില്ലെന്ന് നിങ്ങൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്, അതിനാൽ സൽമാൻ ബംഗാളിൽ വന്ന് സിനിമ ചെയ്യുമെന്ന് വാക്ക് തരൂ,’ മമത പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രിയോട് പ്രതിജ്ഞാബദ്ധമായതിനാലാണ് താൻ ഇവിടെയെത്തിയതെന്നും സിനിമാ ഷൂട്ടിങ്ങിനായി താൻ കൊൽക്കത്തയിൽ വരുമെന്നും സൽമാൻ ഖാൻ പറഞ്ഞു.
കെ.ഐ.എഫ്എ.ഫ് ഉദ്ഘാടന ചടങ്ങിൽ അഭിനേതാക്കളായ അനിൽ കപൂർ, സോനാക്ഷി സിൻഹ, ചലച്ചിത്ര നിർമാതാവ് മഹേഷ് ഭട്ട്, പശ്ചിമ ബംഗാളിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലി, ബംഗാളി ചലച്ചിത്ര രംഗത്തെ പ്രമുഖരായ ഗൗതം ഘോഷ്, സന്ദീപ് റേ, സാബിത്രി ചാറ്റർജി, ലില്ലി ചക്രവർത്തി, മാധബി മുഖർജി എന്നിവർ പങ്കെടുത്തു.
ഡിസംബർ 5 മുതൽ 12 വരെ നഗരത്തിലെ 23 വേദികളിലായി ഷെഡ്യൂൾ ചെയ്ത കെ.ഐ.എഫ്.എഫ് 39 രാജ്യങ്ങളിൽ നിന്നുള്ള 219 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ 72 എണ്ണം ഫീച്ചർ ഫിലിമുകളും 50 ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളുമാണ്. സ്‌പെയിൻ ഫിലിം ഫെസ്റ്റിവലിന്റെ ശ്രദ്ധാകേന്ദ്രമായ രാജ്യമായതിനാൽ മേളയിൽ സ്പാനിഷ് സിനിമയിലെ ആറ് സമകാലിക സൃഷ്ടികൾ പ്രദർശിപ്പിക്കുമെന്നുമാണ് റിപ്പോർട്ട്.
Content Highlight: Mamata at the Kolkata International Film Festival to continue the ideological struggle in India