കൊല്‍ക്കത്ത: ബംഗാളില്‍ ആര്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ ‘ബംഗ ജനനി ബാഹിനി’, ‘ജയ്ഹിന്ദ് ബാഹിനി’ തുടങ്ങിയ സംഘടനകള്‍ രൂപീകരിച്ചതിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി പ്രവര്‍ത്തകര്‍ കയ്യേറിയ ഓഫീസുകള്‍ തിരിച്ചുപിടിക്കാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് മമതാ ബാനര്‍ജി നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.
‘ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി പിടിച്ചെടുത്ത ഓഫീസുകള്‍ കഴിയുന്നത്ര വേഗം തിരിച്ചുപിടിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്’ തൃണമൂല്‍ എകസ്റ്റന്‍ഡഡ് കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷം മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
വഞ്ചകര്‍ക്ക് ഒരിക്കലും ബംഗാള്‍ ജനത മാപ്പ് നല്‍കില്ലെന്നും മമത പറഞ്ഞതായി തൃണമൂല്‍ നേതാവ് പറഞ്ഞു. തൃണമൂല്‍ തോറ്റ സ്ഥലങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്താനും പാര്‍ട്ടി തിരിച്ചുവരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കണമെന്നും മമത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
‘ജയ്ഹിന്ദ് ബാഹിനി’ യുടെ ചുമതല മമതയുടെ സഹോദരന്‍ കാര്‍ത്തിക് ബാനര്‍ജിയ്ക്കും മന്ത്രിയായ ബ്രാത്യ ബസുവിനുമാണ്. പാര്‍ട്ടി എം.പിയായ കാകോലി ഘോഷ് ദസ്തിദറിനാണ് ‘ബംഗ ജനനി ബാഹിനി’യുടെ ഉത്തരവാദിത്വം.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ സാഹചര്യത്തില്‍ ഝാര്‍ഗ്രാം, വെസ്റ്റ് ബര്‍ദ്വാന്‍, മാല്‍ഡ, നോര്‍ത്ത് ദിനാജ്പൂര്‍, സൗത്ത് ദിനാജ്പൂര്‍, മുര്‍ഷിദാബാദ്, പുരുലിയ, ബാങ്കുറ, വെസ്റ്റ് മിഡ്‌നാപ്പൂര്‍, നാദിയ എന്നീ ജില്ലകളില്‍ പാര്‍ട്ടി തലത്തില്‍ അഴിച്ചു പണിയ്ക്കും മമത നിര്‍ദേശം നല്‍കിയിട്ടുണ്ട്.