| Thursday, 23rd November 2023, 5:02 pm

കേന്ദ്രത്തിനെതിരെ ദല്‍ഹിയില്‍ പുതിയ പ്രതിഷേധത്തിനൊരുങ്ങി മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംസ്ഥാനത്തിനുള്ള കേന്ദ്ര ഫണ്ട് മരവിപ്പിച്ചതിനെതിരെ രണ്ടാംഘട്ട പ്രതിഷേധവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി.

കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംസാരിക്കവേ അവര്‍ പാര്‍ട്ടി അനുഭാവികളോട് പ്രതിഷേധത്തിന് തയ്യാറാകാന്‍ ആഹ്വാനം ചെയ്തു. ഡിസംബറിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ച ദല്‍ഹിയില്‍ സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സന്ദര്‍ശന വേളയില്‍ തന്റെ എം.പിമാര്‍ക്കൊപ്പം പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിക്കുമെന്നും അതിന് അവസരം ലഭിച്ചില്ലെങ്കില്‍ പ്രതിഷേധത്തിലേക്ക് കടക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.

ഫണ്ട് മരവിപ്പിക്കലിനെതിരെ ദല്‍ഹിയിലും കൊല്‍ക്കത്തയിലും പാര്‍ട്ടി നേരത്തെ തന്നെ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. നടപടിയോട് പ്രതികരിക്കാന്‍ കേന്ദ്രത്തോട് മമത ആവശ്യപ്പെട്ടിരുന്നു.

അതിനിടെ ഡിസംബര്‍ 2, 3 തീയതികളില്‍ ബൂത്ത് തല പരിപാടികള്‍ നടത്തി വിഷയം ജനങ്ങളിലേക്ക് എത്തിക്കാന്‍ അനുഭാവികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ നിശ്ചയിച്ച പ്രകാരം നവംബര്‍ 28, 29, 30 തീയതികളില്‍ എം.എല്‍.എമാര്‍ സംസ്ഥാന നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും പ്രസ്തുത ദിവസങ്ങളില്‍ നിയമസഭാ വളപ്പില്‍ ധര്‍ണ നടത്തുകയും ചെയ്യും.

എം.പി മഹുവ മൊയ്ത്രയെക്കുറിച്ച് സംസാരിച്ച മമത തെരഞ്ഞടുപ്പിനോടനുബന്ധിച്ച് പാര്‍ലമെന്റില്‍ നിന്ന് നീക്കം ചെയ്യുന്നത് അവരെ കൂടുതല്‍ ജനപ്രിയയാക്കുമെന്ന് പറഞ്ഞു.

content highlight : Mamata announces fresh Delhi protests against Centre

We use cookies to give you the best possible experience. Learn more