| Tuesday, 6th August 2019, 3:32 pm

ഉമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും തീവ്രവാദികളല്ല; എത്രയും പെട്ടെന്ന് മോചിതരാക്കണം; കേന്ദ്രത്തിനെതിരെ മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

മറ്റ് രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച നടത്താതെയും വോട്ടിങ് നടത്താതെയുമുള്ള ബി.ജെ.പിയുടെ ഈ തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് മമത പറഞ്ഞു.
ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിന് മുന്‍പ് അവര്‍ സര്‍വകക്ഷി യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ടിയിരുന്നുവെന്നും മമത പറഞ്ഞു.

ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തിയേയും ഉമര്‍ അബ്ദുള്ളയേയും അറസ്റ്റ് ചെയ്ത നടപടിയേയും മമത വിമര്‍ശിച്ചു.

” അവര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളാണ്. തീവ്രവാദികളല്ല. എത്രയും പെട്ടെന്ന് അവരെ പുറത്തിറക്കണം. ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കേണ്ടത്. അല്ലാതെ അവരെ പരിഭ്രാന്തരാക്കുകയല്ല വേണ്ടത്”- മമത പറഞ്ഞു. സമാധാനപരമായ പ്രശ്നപരിഹാരമാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു.
കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറിക്കൊണ്ടല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടതെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു.

‘ഭരണഘടനയെ ലംഘിച്ചു കൊണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ തടങ്കലിലാക്കിയും കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറിക്കൊണ്ടുമല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടത്.

ഈ രാജ്യം നിര്‍മിച്ചിരിക്കുന്നത് ജനങ്ങളെക്കൊണ്ടാണ് അല്ലാതെ ഓരോ തുണ്ട് ഭൂമിയും കൊണ്ടല്ല. ഭരണ നിര്‍വഹന അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് ദേശീയ സുരക്ഷയ്ക്ക് കല്ലറ തീര്‍ക്കുന്നത് പോലെയാണ്.’ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more