കൊച്ചി: മമ്മൂട്ടിയുടെ മാമാങ്കം റിലീസ് മാറ്റിയോ? സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്ന ചോദ്യമാണിത്. നേരത്തെ പ്രഖ്യാപിച്ച നവംബര്‍ 21 ല്‍ നിന്ന് ചിത്രം റിലീസ് മാറ്റിയെന്നും ഡിസംബര്‍ 12 ലേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റിയെന്നുമാണ് വാര്‍ത്തകള്‍.
എന്നാല്‍ ഔദ്യോഗികമായി ഇങ്ങനെ ഒരു വാര്‍ത്ത പുറത്തുവന്നിട്ടില്ല. നടന്‍ ഉണ്ണി മുകുന്ദന്റെ പേരില്‍ റിലീസ് തിയ്യതിയുമായി ബന്ധപ്പെട്ട് ഒരു ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് താരം പറഞ്ഞത്.
റിലീസിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. സിനിമയുടെ ഔദ്യോഗിക പേജില്‍ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാമെന്നും ഉണ്ണി പറഞ്ഞു. അതേസമയം സെന്‍സര്‍ വിഷയമായി ഇപ്പോള്‍ സിനിമയുടെ റിലീസ് തിയ്യതി ഉറപ്പിക്കാന്‍ കഴിയില്ലെന്ന് ചിത്രവുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ ഡിസംബര്‍ 12 നാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നത് വ്യാജ വാര്‍ത്തയാണ്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്.
അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇതോടൊപ്പം സിനിമ തുടങ്ങിയത് മുതല്‍ വിവാദങ്ങളും നിലനില്‍ക്കുന്നുണ്ട്.
സജീവ് പിള്ള എന്ന നവാഗത സംവിധായകന്റെ ആദ്യ സിനിമ എന്ന നിലയിലായിരുന്നു ചിത്രം തുടങ്ങിയത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ സംവിധായകനും നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും അതിനെ തുടര്‍ന്ന് സജീവ് പിള്ളയെ ഈ ചിത്രത്തിന്റെ സംവിധാന ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് എം. പത്മകുമാര്‍ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.