| Saturday, 2nd November 2019, 4:43 pm

വള്ളുവനാടിന്റെ പോരാളികളുടെ കഥ; കണ്ണ് നിറച്ച് കണ്ടുകൊള്ളു; മാമാങ്കം ട്രെയ്‌ലര്‍ പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘മാമാങ്കം’ സിനിമയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്.

അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇതോടൊപ്പം സിനിമ തുടങ്ങിയത് മുതല്‍ വിവാദങ്ങളും നിലനില്‍ക്കുന്നുണ്ട്.

സജീവ് പിള്ള എന്ന നവാഗത സംവിധായകന്റെ ആദ്യ സിനിമ എന്ന നിലയിലായിരുന്നു ചിത്രം തുടങ്ങിയത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ സംവിധായകനും നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും അതിനെ തുടര്‍ന്ന് സജീവ് പിള്ളയെ ഈ ചിത്രത്തിന്റെ സംവിധാന ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു.

പിന്നീട് എം. പത്മകുമാര്‍ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. മാമാങ്കം ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ തന്റെ പേരില്ലാത്തതിനെതിരെ അന്ന് സജീവ് പിള്ള രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more