'യോദ്ധാക്കളുടെ ചരിത്രമല്ല, ചാവേറുകളുടെ പോരാട്ടം'; കേട്ടുകേള്‍വിക്കപ്പുറം മാമാങ്കം പറയുന്നത്
Film Review
'യോദ്ധാക്കളുടെ ചരിത്രമല്ല, ചാവേറുകളുടെ പോരാട്ടം'; കേട്ടുകേള്‍വിക്കപ്പുറം മാമാങ്കം പറയുന്നത്
ഹരിമോഹന്‍
Thursday, 12th December 2019, 5:36 pm
ക്ലൈമാക്‌സ് രംഗങ്ങളില്‍ നായകന്റെ അപ്രമാദിത്വം മാത്രം കണ്ടു പരിചയിച്ച മലയാളി സിനിമാ പ്രേക്ഷകരെ ഇന്നുമുതല്‍ കോരിത്തരിപ്പിക്കാന്‍ പോവുന്നത് ഒരു കൗമാരക്കാരനായിരിക്കും. ഇനിയുള്ള ചര്‍ച്ചകളിലും ആ പേരു തന്നെയായിരിക്കും നിറഞ്ഞുനില്‍ക്കുക.

1921-ലെ ഖാദര്‍, പടയോട്ടത്തിലെ കമ്മാരന്‍, വടക്കന്‍ വീരഗാഥയിലെ ചന്തു, കേരളവര്‍മ്മ പഴശ്ശിരാജ.. മലയാള ചരിത്ര സിനിമകളുടെ ശ്രേണിയില്‍ മമ്മൂട്ടി എന്ന നടനുള്ള പങ്കിനെക്കുറിച്ചു പറയാന്‍ ഈ പേരുകള്‍ തന്നെ ധാരാളമാണ്. ആ നിരയിലേക്കു തന്നെയാണ് 10 വര്‍ഷത്തിനുശേഷം മറ്റൊരു ചരിത്ര സിനിമ കൂടി പിറവി കൊള്ളുന്നത്, ‘മാമാങ്കം’.

തിയേറ്ററുകളിലെത്തുന്നതിനു മുന്‍പുതന്നെ മാമാങ്കത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. സിനിമയുടെ തിരക്കഥ തന്റെയാണെന്ന അവകാശവാദവുമായി മുന്‍ സംവിധായകന്‍ സജീവ് പിള്ള രംഗത്തെത്തിയതും അത് ഹൈക്കോടതി ശരിവെച്ചതും വരെ നീളുന്നു വിവാദങ്ങള്‍. ഒടുവില്‍ ഇപ്പോഴത്തെ തിരക്കഥാകൃത്തെന്നു വിശേഷിപ്പിക്കപ്പെട്ട ശങ്കര്‍ രാമകൃഷ്ണന്റെ പേരു മാത്രമല്ല, തിരക്കഥാകൃത്ത് എന്നത് ഒഴിവാക്കി വേണം സിനിമ പ്രദര്‍ശിപ്പിക്കേണ്ടത് എന്നു കോടതി നിര്‍ദ്ദേശിച്ചു. ഒടുവില്‍ Adapted Screenplay and Dialogues എന്ന പേരില്‍ ശങ്കറിനെ ഉള്‍പ്പെടുത്തി സിനിമ പുറത്തിറങ്ങി.

വിവാദങ്ങള്‍ക്കു വിട നല്‍കാം. ഇനി സിനിമയുടെ തിയേറ്റര്‍ അനുഭവത്തെക്കുറിച്ചു പറയാം.

പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ യഥാര്‍ഥ മാമാങ്കത്തിന്റെ പുനരാവിഷ്‌കരണം തന്നെയാണ് എം. പദ്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ഈ സിനിമ. 12 വര്‍ഷത്തിലൊരിക്കല്‍ 17, 18 നൂറ്റാണ്ടുകളില്‍ ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ നടന്നിരുന്ന മഹോത്സവം. അതായിരുന്നു മാമാങ്കം. 28 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ആഘോഷത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നല്‍കിയിരുന്ന ഒരു പദവിയായിരുന്നു. ആ പദവിക്കായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മില്‍ നടന്ന യുദ്ധങ്ങള്‍ ചരിത്രപ്രസിദ്ധമാണ്. നമുക്കു കേട്ടുകേള്‍വി മാത്രമുള്ള മാമാങ്കം ഇതായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ യുദ്ധങ്ങളിലും അധികാരത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിലും മാത്രം അഭിരമിക്കുന്ന സിനിമയല്ല മാമാങ്കം. ചാവേറുകളായി വീടും നാടും ഉപേക്ഷിച്ചു മരണത്തിലേക്കാണു നടന്നുനീങ്ങുന്നതെന്നു മനസ്സിനെ പറഞ്ഞുപഠിപ്പിച്ച് മാമാങ്കത്തിലെ നിലപാടുതറയിലേക്കു പോകുന്ന പോരാളികളുടെ ആത്മസംഘര്‍ഷങ്ങളെക്കൂടി അഭിസംബോധന ചെയ്താണ് സിനിമ ഇവിടെ വ്യത്യസ്തമാകുന്നത്. പാണന്മാര്‍ പാടിനടക്കുന്ന വീരകഥകളില്‍ പറയാതെ പോകുന്ന നഷ്ടങ്ങളിലേക്കു കൂടിയാണു തിരക്കഥാകൃത്തിന്റെ തൂലിക (അതാരാണെങ്കിലും ചലിച്ചത്). ചരിത്രപരമായി എല്ലാം വസ്തുതകള്‍ തന്നെയാണെന്നു വാശി പിടിക്കാതെയാണ് സിനിമ ആരംഭിക്കുന്നതു തന്നെ. അതിങ്ങനെയാണ്:

മാമാങ്കത്തിലേക്ക് സാമൂതിരിയുടെ തല കൊയ്ത് അധികാരം വീണ്ടെടുക്കാന്‍ പോകുന്ന വള്ളുവനാട്ടുകാര്‍ അപമാനത്തോടെ ഓര്‍ക്കുന്ന ഒരു പേരുണ്ട്. ചന്ദ്രോത്ത് വലിയ പണിക്കര്‍. പാണന്മാര്‍ പാടിപ്പുകഴ്ത്തുന്ന അഭ്യാസങ്ങള്‍ കൈമുതലാക്കിയ യോദ്ധാവ്. 24 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചാവേറായി പോയ പണിക്കര്‍ അവിടെനിന്നു ലക്ഷ്യം നേടാനാകാതെ, പൊരുതി മരിക്കാതെ, ഒളിച്ചോടിപ്പോയെന്ന കഥകള്‍ വിശ്വസിച്ച് ജീവിക്കുന്ന വള്ളുവനാട്ടുകാര്‍ക്ക് അയാളുടെ പേര് പറയുന്നതുപോലും അപമാനമാണ്.

24 വര്‍ഷം പിന്നിട്ടു. മറ്റൊരു മാമാങ്കം കൂടിയെത്തി. അവിടെ ചന്ദ്രോത്ത് കുടുംബത്തിലെ ഇളതലമുറക്കാരായ ചന്ദ്രോത്ത് ഉണ്ണിക്കും (ഉണ്ണി മുകുന്ദന്‍), ഉണ്ണിയുടെ പെങ്ങളുടെ മകന്‍ 12-കാരനായ ചന്ദ്രോത്ത് ചന്തുണ്ണിക്കും (മാസ്റ്റര്‍ അച്യുത്) ദേവിവിളി ലഭിക്കുന്നു. ആ കുടുംബത്തിലെ അവസാന ആണ്‍തരികള്‍ കൂടി നാടിന്റെ അഭിമാനം കാക്കാനായി ചാവേറായി പോകുന്നുവെന്നറിയുന്ന ചന്ദ്രോത്ത് തറവാട്ടുകാരിലൂടെയാണ് ആദ്യ പകുതിയുടെ തുടക്കം സഞ്ചരിക്കുന്നത്. മുറ തെറ്റിക്കാതെ ഈ സംഘര്‍ഷങ്ങളെയെല്ലാം മനസ്സിലൊതുക്കിയാണ് ഇവര്‍ മാമാങ്കത്തിലേക്കു പോകുന്നത്.

തുടര്‍ന്ന് ഇവര്‍ നടത്തുന്ന യാത്രയില്‍ക്കൂടി കഥ മുന്നോട്ടുപോകുന്നു. ചാവേറുകള്‍ കോഴിക്കോടിന്റെ അതിര്‍ത്തി കടന്നുവരാതിരിക്കാന്‍ സാമൂതിരി പതിവുപോലെ വന്‍ സുരക്ഷ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ അപ്രതീക്ഷിതമായി ഉണ്ടായ ഒരു സംഭവം 24 വര്‍ഷങ്ങള്‍ക്കു പിറകിലേക്കും ചന്ദ്രോത്ത് വലിയ പണിക്കരെന്ന ചാവേറിലേക്കും നമ്മളെ വീണ്ടും കൊണ്ടുപോകുന്നു. സാമൂതിരിയുടെ വിശ്വസ്തനും പരദേശി വ്യാപാരിയുമായ സമര്‍ക്കോയ ആട്ടക്കാരി ഉണ്ണിമായയുടെ (പ്രാചി ടെഹ്‌ലാന്‍) കൂത്തുമാളികയില്‍ വെച്ചു കൊല്ലപ്പെടുന്നു.

ഈ മരണം സാമൂതിരിയുടെ വലംകൈയായ തലച്ചെന്നോര്‍ (സിദ്ദിഖ്) നേരിട്ടെത്തി അന്വേഷിക്കുന്നിടത്താണ് മമ്മൂട്ടിയുടെ സ്‌ത്രൈണതയുള്ള വേഷപ്പകര്‍ച്ചയിലേക്കെത്തുന്നത്. ഉണ്ണിമായക്കും ഉണ്ണിനീലിക്കും (ഇനിയ) ഒപ്പം ചിത്രകാരന്‍ കൂടിയായ കുറുപ്പച്ഛന്‍ എന്ന സ്‌ത്രൈണത നിറഞ്ഞ കഥാപാത്രമായാണ് മമ്മൂട്ടി ഈ ‘ഫ്‌ളാഷ്ബാക്കി’ല്‍ എത്തുന്നത്. മമ്മൂട്ടി സമീപകാലത്ത് ചെയ്തതില്‍ വെച്ച് ഏറ്റവും നല്ല വേഷപ്പകര്‍ച്ചയായി വേണം ഇതിനെ വിലയിരുത്താന്‍. ഒട്ടും നാടകീയതയില്ലാതെ, ഒന്നു പാളിപ്പോയാല്‍ വിമര്‍ശനങ്ങള്‍ ഏറെ കേള്‍ക്കേണ്ടിവരുന്ന ഒരു കഥാപാത്ര സൃഷ്ടിയെ കൈയടക്കത്തോടെയാണ് മമ്മൂട്ടി എന്ന നടന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഇതിനിടയ്ക്ക് മമ്മൂട്ടിക്കു വഴങ്ങില്ലെന്ന് ഏറെ പരിഹാസം കേള്‍ക്കേണ്ടിവന്ന നൃത്തരംഗങ്ങളിലും അദ്ദേഹം ഒന്നു കൈവെയ്ക്കുന്നുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ഉള്‍പ്പെടുത്തിയ ആ രംഗം ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്തുതീര്‍ത്തു എന്നുവേണം പറയാന്‍.

അതേസമയം ആദ്യ പകുതിയുടെ അവസാനഭാഗത്ത് ഉണ്ണിമായയും ഉണ്ണിനീലിയും പറയുന്ന മൂന്ന് കഥകള്‍ വലിച്ചുനീട്ടലുകളാണ്. മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയിലേക്കെത്തുമ്പോഴാണ് ഇവിടെ കുറച്ചാശ്വാസമാകുന്നത്. മാത്രമല്ല, ചന്ദ്രോത്ത് വലിയ പണിക്കരുടെ രൂപസാദൃശ്യമുള്ള കുറുപ്പച്ഛന് അതുമായി എന്തു ബന്ധമാണുള്ളതെന്ന ചോദ്യത്തിനു കൂടി ഉത്തരം അന്വേഷിക്കവെയാണ് ആദ്യ പകുതി അവസാനിക്കുന്നത്.

ത്രില്ലര്‍ സ്വഭാവത്തോടെ മുന്നോട്ടുപോയ കഥ, രണ്ടാം പകുതിയിലേക്കു മാറുമ്പോള്‍ ഇഴയുന്നത് അതുവരെയുണ്ടായിരുന്ന സിനിമയുടെ സ്വഭാവത്തെ ബാധിക്കുന്നുണ്ട്. കഥയുടെ കരുത്താണു മാമാങ്കത്തിനു ജീവന്‍ നല്‍കുന്നതെങ്കില്‍, രണ്ടാം പകുതിയിലേക്കെത്തുമ്പോള്‍ ആ കഥയെ കൊല്ലുന്ന മേക്കിങ്ങിലേക്കാണു കാര്യങ്ങളെത്തുന്നത്. വലിച്ചുനീട്ടല്‍ അതിന്റെ പാരമ്യത്തിലും ആക്ഷന്‍ രംഗങ്ങളിലെ ആവര്‍ത്തനവും അതിലെ സാങ്കേതികതയുടെ കുറവും രണ്ടാംപകുതിയിലൂടെ സിനിമയെ ഒരു ‘സീരിയല്‍ ദൃശ്യാവിഷ്‌കാര’ത്തിലേക്കാണു നയിക്കുന്നത്. മാത്രമല്ല, പതിവ് ചരിത്ര സിനിമകളിലെ നാടകീയമായ സംഭാഷണ ശൈലിയുണ്ടാക്കുന്ന ആവര്‍ത്തന വിരസതയ്ക്കും മാമാങ്കം ഒരു അപവാദമാകുന്നില്ല.

പക്ഷേ രണ്ടാം പകുതിയില്‍ മമ്മൂട്ടി എന്ന നടനെ കവച്ചുവെയ്ക്കാനും ഉണ്ണി മുകുന്ദന്റെ മെയ്‌വഴക്കത്തെ വെല്ലാനും പോകുന്ന ഒരു പന്ത്രണ്ടുകാരനിലേക്കാണു നമ്മുടെ ശ്രദ്ധ കൂടുതല്‍ പോവുകയെന്നുറപ്പ്. മാസ്റ്റര്‍ അച്യുത്, ചന്തുണ്ണിയായി നിറഞ്ഞുനില്‍ക്കുമ്പോള്‍, മറ്റെല്ലാം അവിടെ അപ്രസക്തമാവുകയാണ്. കളരിയടക്കമുള്ള ആയോധന വിദ്യകളില്‍ നമ്മളെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് അച്യുത് കാഴ്ചവെച്ചിരിക്കുന്നത്. ക്ലൈമാക്‌സ് രംഗങ്ങളില്‍ നായകന്റെ അപ്രമാദിത്വം മാത്രം കണ്ടു പരിചയിച്ച മലയാളി സിനിമാ പ്രേക്ഷകരെ ഇന്നുമുതല്‍ കോരിത്തരിപ്പിക്കാന്‍ പോവുന്നത് ഒരു കൗമാരക്കാരനായിരിക്കും. ഇനിയുള്ള ചര്‍ച്ചകളിലും ആ പേരു തന്നെയായിരിക്കും നിറഞ്ഞുനില്‍ക്കുക.

തങ്ങള്‍ക്കു ലഭിച്ച കഥാപാത്രങ്ങളില്‍ അനു സിത്താരയ്ക്കും കനിഹയ്ക്കുമൊന്നും ഏറെ ചെയ്യാനില്ലായിരുന്നു. ലഭിച്ച രംഗങ്ങളെ കുറ്റങ്ങളില്ലാതെ കൈകാര്യം ചെയ്യാന്‍ അവര്‍ക്കായിട്ടുണ്ട്. അതേസമയം കേന്ദ്ര സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രാചിക്കും ഇനിയക്കും അതിനോടു നീതി പുലര്‍ത്താനുമായിട്ടുണ്ട്.

എടുത്തുപറയേണ്ട മറ്റൊരാള്‍ സിദ്ദിഖാണ്. ഒരിക്കല്‍ക്കൂടി തന്റെ കരിയര്‍ ഗ്രാഫില്‍ മറ്റൊരു നേട്ടം കൂടി ചേര്‍ക്കാന്‍ സിദ്ദിഖിനായി. വില്ലന്‍ കഥാപാത്രങ്ങളുടെ പരുക്കന്‍ സ്വഭാവവും ചരിത്ര സിനിമകള്‍ക്കു ചേര്‍ന്ന സംഭാഷണ ശൈലിയുമാണ് സിദ്ദിഖിന്റെ തലച്ചെന്നോറിനെ വേറിട്ടുനിര്‍ത്തുന്നത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കഥ പറയുമ്പോള്‍ അതിനോടു നീതി പുലര്‍ത്തുന്ന കലാസംവിധാനമാണ് സിനിമയ്ക്ക് ഒരുക്കിയിരിക്കുന്നത്, ഒപ്പം ലൊക്കേഷനുകളും. വി.എഫ്.എക്‌സ് പോലുള്ള കാര്യങ്ങളിലും ഏറെ കൈയടക്കം പുലര്‍ത്തുന്ന സിനിമ മികച്ച തിയേറ്റര്‍ അനുഭവമാണു സമ്മാനിക്കുന്നത്. അതിനിടെ മികവുറ്റ ചില ദൃശ്യങ്ങള്‍ ഛായാഗ്രാഹകനായ മനോജ് പിള്ള നമുക്കു സമ്മാനിക്കുന്നുണ്ട്.

എം. ജയചന്ദ്രനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആദ്യ പകുതിയിലെ താരാട്ടുപാട്ടും പിന്നീട് ‘മൂക്കുത്തി’ എന്ന ഗാനവും ശ്രദ്ധേയമായി. സഞ്ജിത് ബല്‍ഹാരയും അങ്കിത് ബല്‍ഹാരയും ചേര്‍ന്നൊരുക്കിയ പശ്ചാത്തല സംഗീതം സിനിമയുടെ വൈകാരികത പ്രേക്ഷകരിലേക്കെത്തിക്കുന്നതില്‍ വിജയിച്ചു.

മണികണ്ഠന്‍, മണിക്കുട്ടന്‍, സുരേഷ് കൃഷ്ണ, സുദേവ്, സുരേഷ് കുമാര്‍, കവിയൂര്‍ പൊന്നമ്മ, സജിത മഠത്തില്‍, അബു സലിം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മിച്ചിരിക്കുന്നത്.

ചുരുക്കത്തില്‍ മാമാങ്കം എന്നത് ഒരു ദൃശ്യവിരുന്ന് മാത്രമല്ല, ചരിത്രാനുഭവം കൂടിയാണ്. 12 വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന ഒരു ചരിത്ര സംഭവത്തെ നൂറ്റാണ്ടുകള്‍ക്കിപ്പുറം അനുഭവിച്ചറിയുക എന്നതു കൂടിയാണ് മാമാങ്കം ഇക്കാലത്ത് നമുക്ക് നല്‍കുന്ന ‘ഓഫര്‍’.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹരിമോഹന്‍
മാധ്യമപ്രവര്‍ത്തകന്‍