| Thursday, 21st November 2019, 9:12 pm

മാമാങ്കം സിനിമയെ തകര്‍ക്കാന്‍ സംഘടിത നീക്കം; സജീവ് പിള്ളക്കെതിരെ പൊലീസില്‍ സഹനിര്‍മാതാവിന്റെ പരാതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കം വീണ്ടും വിവാദത്തില്‍. സിനിമയെ തകര്‍ക്കാന്‍ മുന്‍സംവിധായകന്‍ സജീവ് പിള്ളയും മറ്റുള്ളവരും ശ്രമിക്കുന്നുവെന്ന് സഹ നിര്‍മാതാവ് ആന്റണി ജോസഫ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിക്കു പരാതി നല്‍കി.

സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചിത്രത്തിനെതിരേ സംഘടിത നീക്കങ്ങള്‍ നടക്കുകയാണെന്നും റിലീസ് ചെയ്യാത്ത സിനിമ പരാജയമാണെന്ന പ്രചരണമാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത് അറിഞ്ഞിട്ടില്ലെന്ന് സജീവ് പിള്ള ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

പരാതിയിലെ പ്രധാന ഭാഗങ്ങള്‍

‘ഒരേ കേന്ദ്രത്തില്‍ നിന്നാണ് സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന സംശയം ഞങ്ങള്‍ക്കുണ്ട്. ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ ആരുടെയെങ്കിലും ക്വട്ടേഷന്‍ ഏറ്റെടുത്താണോ ഈ പ്രവര്‍ത്തി നടത്തുന്നതെന്നും പൊലീസ് അന്വേഷിക്കേണ്ടതുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

55 കോടി രൂപയാണ് മാമാങ്കം സിനിമയ്ക്ക് വേണ്ടി കാവ്യ ഫിലിം കമ്പനി മുടക്കിയിരിക്കുന്നത്. ചരിത്ര പ്രമേയമായതിനാലും മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി നായകനായതിനാലും വലിയ പ്രതീക്ഷയാണ് ഈ സിനിമയെ സംബന്ധിച്ച് ഞങ്ങള്‍ക്കും പ്രേക്ഷകര്‍ക്കുമുള്ളത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ ടീമിനെ കണ്ടെത്തിയില്ലെങ്കില്‍ നാളെ അത് മറ്റ് മലയാള സിനിമകളെയും ബാധിക്കും.

മാമാങ്കം പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന സംഘത്തിന്റെ കണ്ണിയായാണ് സജീവ് പിള്ള ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഈ രണ്ട് വിഭാഗത്തിന്റെയും നീക്കങ്ങള്‍ അന്വേഷണ വിധേയമാക്കി നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.’

എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ സിനിമ സജീവ് പിള്ളയുടെ സംവിധാനത്തിലായിരുന്നു ഒരുങ്ങിയിരുന്നത്. പിന്നീട് നിര്‍മാതാവ് വേണു കുന്നപ്പള്ളി ഇദ്ദേഹത്തെ മാറ്റി പത്മകുമാറിനെ സംവിധായകനാക്കുകയായിരുന്നു.

അതേസമയം, സജീവ് പിള്ളയുടെ പരിചയക്കുറവില്‍ വന്‍ നഷ്ടമാണ് ചിത്രത്തിന് സംഭവിച്ചതെന്നും മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ലെന്നും വേണു കുന്നപ്പിള്ളി നേരത്തെ പറഞ്ഞിരുന്നു.

പരിചയക്കുറവും ഗുണമേന്മ ഇല്ലായ്മയും മൂലം പത്ത് കോടിയോളം രൂപയുടെ നഷ്ടം വരുത്തിവച്ചതുകൊണ്ടും നിസ്സഹകരണം പ്രകടിപ്പിച്ചതിനാലുമാണ് മാമാങ്കം സിനിമയില്‍ നിന്നും സജീവ് പിള്ളയെ പുറത്താക്കിയതെന്നും വേണു പറഞ്ഞിരുന്നു.

ആദ്യത്തെ രണ്ട് ഷെഡ്യൂളുകള്‍ ചിത്രീകരിച്ചു കഴിഞ്ഞതിന് ശേഷമാണ് ഷൂട്ട് ചെയ്ത വിഷ്വലുകളുടെ ഗുണമേന്മയില്ലായ്മ മനസിലായതെന്നും അതിനുള്ളില്‍ തന്നെ വലിയൊരു തുക ചിലവായി കഴിഞ്ഞിരുന്നെന്നും വേണു കുന്നപ്പള്ളി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിരുനാവായ മണപ്പുറത്ത് സാമൂതിരിയുടെ പടയാളികളും വള്ളുവക്കോനാതിരിയുടെ ചാവേറുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

We use cookies to give you the best possible experience. Learn more