| Wednesday, 27th March 2019, 12:40 pm

പ്രതിഫലം മുമ്പ് തന്നെ കൈപറ്റി; കരാറിലും ഒപ്പിട്ടു; മാമാങ്കം ചിത്രീകരണം സ്റ്റേ ചെയ്യണമെന്ന സജീവ് പിള്ളയുടെ ഹരജി കോടതി തള്ളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ സജീവ് പിള്ള നല്‍കിയ ഹരജി കോടതി തള്ളി. സിനിമയുടെ പൂര്‍ണാവകാശം സജീവ് പിള്ള, നിര്‍മാതാവായ വേണു കുന്നപ്പള്ളിക്ക് നല്‍കിയത് കാണിച്ചാണ് കോടതി ഹരജി തള്ളിയത്.

വര്‍ഷങ്ങളെടുത്ത് എഴുതിയ മാമാങ്കത്തില്‍ നിന്ന് തന്നെ പുറത്താക്കിയതിനെ തുടര്‍ന്നാണ് ചിത്രീകരണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സജീവ് പിള്ള ഹരജി നല്‍കിയത്. എന്നാല്‍ തിരക്കഥയ്ക്ക് ഉള്‍പ്പെടെ പ്രതിഫലമായി നിശ്ചയിച്ചിരുന്ന 23 ലക്ഷത്തില്‍ 21.75 ലക്ഷം രൂപയും സജീവ് പിള്ള സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റിയി നിര്‍മാതാവ് കോടതിയെ അറിയിച്ചു.

തുടക്കക്കാരനായതിനാല്‍ വീഴ്ചകള്‍ സംഭവിച്ചാല്‍ തന്നെ സിനിമയില്‍ നിന്നും മാറ്റാവുന്നതാണെന്ന് സമ്മതിച്ച് സജീവ് പിള്ള നിര്‍മാതാവുമായി ഒന്നര വര്‍ഷം മുമ്പ് തന്നെ ഒപ്പു വച്ചിരുന്ന കരാറും കാവ്യ ഫിലിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

Also Read  നയന്‍താരയുടെ അടുത്ത പടത്തിന്റെ ടിക്കറ്റ് അയച്ചുതരാം, പോപ്‌കോണും കൊറിച്ച് അത് കണ്ടിരുന്നോളൂ; രാധ രവിയ്ക്ക് മറുപടിയുമായി സാമന്ത

മുമ്പ് സിനിമ ചെയ്യാത്ത സജീവ് ചിത്രീകരിച്ച രംഗങ്ങളില്‍ പത്ത് മിനിറ്റ് പോലും സിനിമയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഇതിലൂടെ 13 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും നിര്‍മ്മാതാവ് പറഞ്ഞിരുന്നു.

നേരത്തെ ചിത്രീകരണത്തിനിടെ നിരവധിപേരെ ചിത്രത്തില്‍ നിന്ന് മാറ്റിയിരുന്നു. സംവിധായകനെതിരെ ആരോപണങ്ങളുമായി നിര്‍മ്മാതാവ് രംഗത്തെത്തുകയും ചെയ്തിരുന്നു. പരിചയക്കുറവും ഗുണമേന്മ ഇല്ലായ്മയും മൂലം പത്ത് കോടിയോളം രൂപയുടെ നഷ്ടം വരുത്തിവച്ചതുകൊണ്ടും നിസ്സഹകരണം പ്രകടിപ്പിച്ചതിനാലുമാണ് മാമാങ്കം സിനിമയില്‍ നിന്നും സജീവ് പിള്ളയെ പുറത്താക്കിയതെന്നായിരുന്നു വേണു കുന്നപ്പിള്ളി പറഞ്ഞത്.

എന്നാല്‍ നിര്‍മ്മാതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ സജീവ് പിള്ള തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സിനിമ തന്നെയായിരുന്നോ നിര്‍മ്മാതാവിന്റെ ഉദ്ദേശമെന്ന് സംശയമുണ്ടെന്നും കൊച്ചിയില്‍ മരടില്‍ തണ്ണീര്‍തടം നികത്തിയതുമായി ബന്ധപ്പെട്ടാണ് ആദ്യം പ്രശ്നമുണ്ടാകുന്നതെന്നും സംവിധായകന്‍ വെളിപ്പെടുത്തി.
DoolNews video

We use cookies to give you the best possible experience. Learn more