| Friday, 9th February 2024, 7:24 pm

അമ്മയുടെ മീറ്റിങ്ങിന് മമ്മൂക്കയുടെ കൂടെ ഫോട്ടോ എടുക്കാന്‍ കുറേ നേരം കാത്തിരുന്നു': അനുഭവം പങ്കുവെച്ച് മമിത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ അഭിനയം തുടങ്ങി മലയാളത്തിലെ മുന്‍നിര നടിമാരില്‍ ഒരാളായി മാറിയ താരമാണ് മമിത ബൈജു. സര്‍വോപരി പാലാക്കാരന്‍ എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയതെങ്കിലും താരം ശ്രദ്ധിക്കപ്പെട്ടത് 2020ല്‍ റിലീസായ ഓപ്പറേഷന്‍ ജാവയിലൂടെയാണ്. സൂപ്പര്‍ ശരണ്യയിലെ വേഷം കരിയറില്‍ വഴിത്തിരിവായി. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലുവാണ് മമിതയുടെ പുതിയ ചിത്രം.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഇഷ്ടനടനായ മമ്മൂട്ടിയോടൊപ്പം ഫോട്ടോ എടുക്കാന്‍ അവസരം കിട്ടിയതിനെക്കുറിച്ച് താരം സംസാരിച്ചു. സിനിമയിലെത്തിയ ശേഷവും ഏതെങ്കിലും സെലിബ്രിറ്റിയുടെ ഫോട്ടോ എടുക്കണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘ഇപ്പോഴും പലരുടെയും കൂടെ ഫോട്ടോ എടുക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഒരുപാട് പേരുടെ ഫാന്‍ഗേളാണ് ഞാന്‍. അതില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് മമ്മൂക്കയുടെ കൂടെ ഫോട്ടോ എടുക്കാനാണ്. അതിനുള്ള അവസരം കിട്ടുകയും ചെയ്തു. അമ്മയുടെ മീറ്റിങ്ങിന് ഒരു തവണ പോയപ്പോള്‍ ഇടയ്ക്ക് വെച്ച് മമ്മൂക്കയെ കണ്ടു. ഫോട്ടോ എടുക്കാന്‍ ഞാന്‍ കുറേ നേരം വെയിറ്റ് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ അവിടെയുള്ളവര്‍ എന്നോട് പറഞ്ഞു, ഇപ്പോള്‍ പറ്റില്ല, കഴിക്കാന്‍ പോകുവാണ് എന്ന്. അപ്പോള്‍ മമ്മൂക്ക എന്നെ നോക്കിയിട്ട് വരാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ കൂടെ ഫോട്ടോയെടുത്തു’ മമിത പറഞ്ഞു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്ലെന്‍, മമിത ബൈജു, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങള്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്

Content Highlight: Mamaitha Baiju share the experience with Mammootty

Latest Stories

We use cookies to give you the best possible experience. Learn more