രാഘവന്‍ മാഷ് സംഗീത സ്‌നേഹിയും നല്ല മനുഷ്യനും: അനുസ്മരണങ്ങളിലൂടെ..
Kerala
രാഘവന്‍ മാഷ് സംഗീത സ്‌നേഹിയും നല്ല മനുഷ്യനും: അനുസ്മരണങ്ങളിലൂടെ..
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2013, 11:02 am

[]രാഘവന്‍ മാഷിന്റേതായി മലയാളത്തില്‍ പാടിയ എല്ലാ പാട്ടുകളും മികച്ചതായിരുന്നെന്ന് ഗായിക ജാനകി അമ്മ അനുസ്മരിച്ചു.

അമ്മയെക്കാണാന്‍..ഉണരുണരൂ..മഞ്ഞണിപ്പുനിലാവ്. തുടങ്ങിയ ഗാനങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാടിയ പാട്ടുകളായാല്‍ പോലും ആ ഗാനങ്ങളൊന്നും ഒരിക്കലും മറക്കാന്‍ സാധിക്കില്ല. നല്ല മനുഷ്യനും അതിലുപരി സംഗീത സ്‌നേഹിയുമായ വ്യക്തിയായിരുന്നു രാഘവന്‍ മാസ്റ്ററെന്നും ജാനകി അമ്മ പ്രതികരിച്ചു.

മലയാള സിനിമയില്‍ സ്വന്തമായ ഒരു ശൈലി ഉണ്ടാക്കിയെടുത്ത വ്യക്തിയായിരുന്നു രാഘവന്‍ മാസ്റ്ററെന്ന് യേശുദാസ് ഓര്‍മ്മിച്ചു.  കുറച്ച് ദിവസം കൂടി കഴിഞ്ഞാല്‍ അദ്ദേഹം നൂറ് വയസ്സ് തികയുന്ന വലിയൊരു ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇരിക്കുകയായിരുന്നു. എന്നെ വിളിച്ചു. ദാസ് എന്തായാലും വരണമെന്ന് നിര്‍ബന്ധിച്ചു. എന്നാല്‍ അതിന് സാധിച്ചില്ല. വളരെയധികം വിഷമമുണ്ട്.

സംഗീതത്തില്‍ അങ്ങേയറ്റം അര്‍പ്പണബോധമുള്ള ആളായിരുന്നു രാഘവന്‍ മാഷ്. അദ്ദേഹം നമ്മെ പോയ പോയെങ്കിലും അദ്ദേഹത്തിന്റെ
പാട്ടുകള്‍ എന്നും ഹൃദയത്തില്‍ നില്‍ക്കും. ഇത്ര പ്രായമായിട്ടും സംഗീതത്തെ കുറിച്ച് സംസാരിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്ത ആളാണ് മാഷ്. അദ്ദേഹത്തിന്റെ മരണത്തില്‍ അഗാതമായ ദു;ഖം അറിയിക്കുന്നു. ഒപ്പം ആത്മാവിന് നിത്യശാന്തി നേരുന്നതായും യേശുദാസ് പറഞ്ഞു.

മലയാളത്തില്‍ നാടന്‍പാട്ടുകളെ അവഗണിച്ച കാലത്ത് നാടന്‍ ശീലുകളെ അത്യുന്നതത്തില്‍ എത്തിച്ച വ്യക്തിയാണ് കെ. രാഘവന്‍ മാസ്റ്ററെന്ന് കവി ഒ.എന്‍.വി കുറുപ്പ്. നാടന്‍ സംഗീതത്തോട് വലിയ ആഭിമുഖ്യം അദ്ദേഹം പുലര്‍ത്തിയിരുന്നു. മലയാളത്തിന് ഭാവസംഗീതം പകര്‍ന്ന് നല്‍കിയ കാലഘട്ടത്തിലെ പ്രമുഖനാണ്. അദ്ദേഹത്തിന്റെ പേര് ചരിത്രം അടയാളപ്പെടുത്തുമെന്നും ഒ.എന്‍.വി കുറുപ്പ് അനുസ്മരിച്ചു.

കായലരികത്ത് വലയെറിഞ്ഞപ്പോള്‍ എന്ന ഗാനം കായലിന് മീന്‍ പിടിക്കാന്‍ വേണ്ടിയല്ല കേരളത്തിലെ ജനങ്ങളെ പിടിക്കാന്‍ ഉണ്ടാക്കിയ പാട്ടായിരുന്നെന്ന് സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ പ്രതികരിച്ചു. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും ഇന്നും കേള്‍ക്കാന്‍ ഓരോ വ്യക്തിയും ആഗ്രഹിക്കുന്നതും. അദ്ദേഹം 99 ാം വയസിലും മലയാള സിനിമയ്ക്ക് വേണ്ടി പാട്ട് കപോംസ് ചെയ്തു. അദ്ദേഹത്തിന്റെ എല്ലാ ശബ്ദങ്ങളും എന്നും കാതില്‍ മുഴങ്ങും. ആത്മശാന്തി നേരുന്നതായും എം.കെ അര്‍ജുനന്‍ പ്രതികരിച്ചു.

മലയാളത്തിലെ വിശ്വ കലാകാരന്മാരില്‍ ഒരാളായിരുന്നു കെ. രാഘവന്‍ മാഷെന്നും അദ്ദേഹം മരിച്ചതായി വിശ്വസിക്കാനാകുന്നില്ലെന്നും നടന്‍ മധു ഓര്‍മിച്ചു. വലിയ സംഗീതജ്ഞനും വലിയ മനുഷ്യനും ആയിരുന്നു രാഘവന്‍ മാഷെന്നും മധു പറഞ്ഞു.

മലയാളത്തിന്റേതായ എല്ലാ ഗുണങ്ങളും മലയാളത്തില്‍ കൊണ്ടുവന്ന വ്യക്തിയായിരുന്നു രാഘവന്‍ മാഷെന്ന് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി ഓര്‍മിച്ചു. സോപാനസംഗീതം മുതല്‍ നാടന്‍പാട്ട് പള്ളിപ്പാട്ട് തുടങ്ങി എല്ലാ സംസ്‌ക്കാരത്തേയും മലയാളത്തിലേക്ക് ആവാഹിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

മലയാള സംഗീതത്തിന് തീരാനഷ്ടമാണ് രാഘവന്‍ മാസ്റ്ററുടെ വിയോഗമെന്ന് സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍. മലയാളത്തിന് ശുദ്ധ സംഗീതം പകര്‍ന്നു നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. നാട്ടില്‍ നിന്ന് ശേഖരിച്ച ശീലുകള്‍ ശാസ്ത്രീയ സംഗീതവുമായി കൂട്ടിച്ചേര്‍ത്തതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്നും കൈതപ്രം അനുസ്മരിച്ചു.