മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം എന്ന പദ്ധതിയുമായി സംസ്ഥാനം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുകയാണ്. നഗരത്തിലെ ഖര മാലിന്യ പ്ലാന്റുകളില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായി സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറാകുന്നത് നടന്‍ മോഹന്‍ലാല്‍ ആണെന്ന വാര്‍ത്തകളും പുറത്ത് വന്നുക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ കൊട്ടിഘോഷിച്ച് നടത്തുന്ന ഈ പദ്ധതിയുടെ മറവില്‍ നടക്കുന്നത് വന്‍ക്രമക്കേടുകളാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ പേരില്‍ കേരളത്തിലുടനീളം സര്‍ക്കാര്‍ നേതൃത്വത്തില്‍ പദ്ധതിയ്ക്കായി സ്ഥലം കണ്ടെത്തിയിരുന്നു.
കോഴിക്കോട് നഗരപരിധിയില്‍ പദ്ധതിയ്ക്കായി ഞെളിയന്‍പറമ്പ് ഭാഗത്താണ് സ്ഥലം കണ്ടെത്തിയത്. ഏകദേശം 200 കോടിരൂപയുടെ മുതല്‍ മുടക്കാണ് ഈ പദ്ധതിയ്ക്കായി കോര്‍പ്പറേഷന്‍ വകയിരുത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ സ്വഛ് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതു സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്നായിരുന്നു സര്‍ക്കാര്‍ നയം.
പദ്ധതിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വിറ്റഴിക്കുന്നതിലൂടെ പതിനഞ്ച് വര്‍ഷം കൊണ്ട് മുതല്‍ മുടക്ക് തിരിച്ച് പിടിക്കാമെന്ന് അധികൃതര്‍ വിലയിരുത്തിയിരുന്നു.
കേരളത്തില്‍ 2012 ഒക്ടോബറില്‍ രണ്ടു കോടിയിലേറെ രൂപ മുടക്കി മൊബൈല്‍ ഇന്‍സിനറേറ്റര്‍ വാങ്ങിയിരുന്നു. അഹമ്മദാബാദില്‍ നിന്ന് വാങ്ങിയ ഇത് കോര്‍പ്പറേഷന് പ്രവര്‍ത്തിപ്പിക്കാനായി നല്‍കി. മാലിന്യം കത്തിച്ചശേഷം ഇന്‍സിനറേറ്ററില്‍ അടിയുന്ന വിഷച്ചാരം എന്തുചെയ്യുമെന്ന കാര്യത്തില്‍ അന്നും ആര്‍ക്കും വ്യക്തമായ ധാരണയുണ്ടായിരുന്നില്ല.
ട്രയല്‍ റണ്‍ സമയത്ത് ഒരുദിവസം പരമാവധി അഞ്ചുമുതല്‍ ആറു ടണ്‍വരെ മാലിന്യം മാത്രമാണ് ഈ യന്ത്രത്തിലൂടെ സംസ്‌കരിച്ചത്. ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ ഇതിന് 130-135 ലിറ്റര്‍ ഡീസല്‍ വേണ്ടിവന്നു. അഞ്ചുമാസംകൊണ്ട് കുറഞ്ഞത് 78,000 ലിറ്റര്‍ ഡീസലെങ്കിലും ഈ യന്ത്രം കുടിച്ചുതീര്‍ത്തിട്ടുണ്ട്. അപകടകാരിയെന്നതിനപ്പുറം വലിയൊരു സാമ്പത്തികബാധ്യത കൂടിയാണ് ഈ യന്ത്രം വരുത്തിവച്ചത്. തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഈ ഇന്‍സിനറേറ്റര്‍ സര്‍ക്കാരിനുതന്നെ തിരിച്ചുകൊടുത്തു.
വ്യക്തമായ ഒരു സംവിധാനം ഇല്ലാതെയാണ് സര്‍ക്കാര്‍ ഈ മാലിന്യ പ്ലാന്റിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്ന് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.
മാലിന്യം തരംതിരിക്കാതെ എല്ലാത്തരം മാലിന്യവും കൂട്ടിക്കലര്‍ത്തി പുറന്തള്ളാനാണ് കേന്ദ്രീകൃത മാലിന്യ സംവിധാനങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശം.
ഭക്ഷ്യമാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ഒന്നിച്ച് ചേര്‍ത്ത് മാലിന്യ സംസ്‌കരണം നടത്തുന്ന പദ്ധതി ഒരിക്കലും പ്രായോഗികമല്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. അതിന് ഉദാഹരണമാണ് പകുതിയില്‍ നിലച്ച വിളപ്പില്‍ശാല മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതി.
ഇനി ഇതിന്റെ പ്രധാന പ്രവര്‍ത്തനം എന്തെന്ന് പരിശോധിച്ചാല്‍ പദ്ധതിയുടെ പ്രവര്‍ത്തനശൈലി തന്നെ പൂര്‍ണ്ണമായും തെറ്റാണെന്ന് ബോധ്യപ്പെടുന്നതാണ്. മാലിന്യം കത്തിക്കുന്നതിലൂടെ ലഭ്യമാകുന്ന ചൂട് ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നാണ് പറയുന്നത്. മാലിന്യം കത്തിക്കാനായി അതിലേറേ വൈദ്യുതി ആവശ്യമായി വരുന്നുമുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍തന്നെ ലോകത്ത് പലയിടത്തും മാലിന്യം കത്തിക്കാനായി ഇന്‍സിനറേറ്ററുകള്‍ സ്ഥാപിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ ഇതുമൂലമുള്ള അപകടങ്ങളെപ്പറ്റിയുള്ള പഠനറിപ്പോര്‍ട്ടുകള്‍ പിന്നീട് വ്യപകമായി പുറത്തുവരാന്‍ തുടങ്ങി. 1980കളുടെ തുടക്കം മുതല്‍ പല രാജ്യങ്ങളും ചവറുകത്തിക്കല്‍ യന്ത്രങ്ങള്‍ നിരോധിച്ചു തുടങ്ങികയും ചെയ്തു.
1996ല്‍ യൂറോപ്യന്‍ യൂണിയനില്‍ കൊണ്ടുവന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബ്രിട്ടനിലെ 23 ഇന്‍സിനറേറ്ററുകളാണ് പൂട്ടാന്‍ കാരണമായത്. ജപ്പാനില്‍ 2002-ല്‍ പ്രാബല്യത്തില്‍ വന്ന ചട്ടങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 509 ചവറുകത്തിക്കല്‍ പ്ലാന്റുകളാണ് പൂട്ടിയത്.
വിവിധ തരത്തിലുള്ള മാലിന്യങ്ങള്‍ വേര്‍തിരിച്ചില്‍ കുടാതെ ഒരുമിച്ച് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ വലുതാണെന്ന് പഠനങ്ങള്‍ പറയുന്നു. മലിന ലോഹങ്ങള്‍, ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള വിവിധ തരം ഡയോക്‌സുകള്‍ എന്നിവയാണ് മലിനജലം കത്തിക്കുമ്പോള്‍ പുറം തള്ളുന്നത്. അര്‍ബുദം ഉള്‍പ്പടെയുള്ള രോഗങ്ങള്‍ വരുത്തിവെയ്ക്കാന്‍ ഇത് കാരണമാകുന്നു.
ഇത്തരത്തില്‍ അബദ്ധധാരണയുടെ പുറത്ത് കേരളത്തിലെ പല സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണത്തിന് വേണ്ടിയുള്ള ഇന്‍സിനേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവയില്‍ പലതിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമില്ല എന്നതാണ് വാസ്തവം.