| Thursday, 13th September 2018, 9:33 am

ലുക്ക് ഔട്ട് നോട്ടിസ് അപ്രത്യക്ഷമായതെങ്ങനെ; മല്യയുടെ വെളിപ്പെടുത്തല്‍ ബി.ജെ.പിയെ കൂടുതല്‍ കുരുക്കിലാക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന വിവാദ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ ബി.ജെ.പിയെ തലവേദനയാകുന്നു. സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവര്‍ക്ക് ബി.ജെ.പിയുമായും കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുമായും അടുത്ത ബന്ധമുണ്ടെന്നും അവര്‍ക്ക് രാജ്യം വിടാന്‍ സഹായമൊരുക്കിയെന്നുമുള്ള ആരോപണങ്ങളെ ശരിവെക്കുന്നതായിരുന്നു മല്യയുടെ വെളിപ്പെടുത്തല്‍.

അതേസമയം മല്യയ്‌ക്കെതിരെ സി.ബി.ഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടിസ് അപ്രത്യക്ഷമായതെങ്ങനെയെന്ന ചോദ്യം വീണ്ടും ശക്തമാകുന്നു. മല്യ നാടു വിടുമ്പോള്‍ രാജ്യസഭാ എം.പിയായിരുന്നു. എന്നാല്‍, അദ്ദേഹത്തിനെതിരേ സി.ബി.ഐയുടെ ലുക്ക് ഔട്ട് നോട്ടിസ് നിലവിലുണ്ടായിരുന്നു. പക്ഷേ, 2016 മാര്‍ച്ച് രണ്ടിനു ദല്‍ഹി വിമാനത്താവളത്തില്‍ 12 പെട്ടികളുമായി ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ കയറാനെത്തിയ സമയത്ത് മല്യയുടെ പേരിലുള്ള ലുക്ക് ഔട്ട് നോട്ടിസും തടയുക (ഡിറ്റെയിന്‍) എന്ന അറിയിപ്പും കംപ്യൂട്ടറില്‍നിന്ന് മാറിയിരുന്നു.

പകരം ആ സ്ഥാനത്ത് വിവരം അറിയിക്കുക (റിപ്പോര്‍ട്ട്) എന്ന സന്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് എങ്ങിനെ സംഭവിച്ചു എന്ന് ഇതുവരെ ഒരന്വേഷണവും നടന്നിട്ടില്ല. 2016 ജൂണില്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി തന്നെ ഇക്കാര്യം പറഞ്ഞിരുന്നു.


Read Also : നിങ്ങള്‍ക്ക് പിന്നെ ഇവിടെ എന്തുവാടോ പണി; ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാത്ത വില്ലേജ് ഓഫീസറെ പറപ്പിച്ച് കളക്ടര്‍ – വീഡിയോ


ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ എല്ലാ പ്രമുഖ വ്യവസായികളുടെയും വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ അറിയിച്ചിരുന്നു എന്നും ഒരു നടപടിയും ഉണ്ടായില്ലാ എന്നുമുള്ള റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞതും മല്യയുടെ വെളിപ്പെടുത്തലും പ്രതിപക്ഷത്തിന്റെ ആരോപണത്തെ ശരിവെക്കുകയാണ്.

നേരത്തെ വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുന്‍പ് വിവാദ വ്യവസായി വിജയ് മല്യ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ നേതാക്കന്മാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ രാഹുല്‍ അന്ന് തയാറായിരുന്നില്ല. രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

വായ്പ്പാത്തട്ടിപ്പ് കേസില്‍ രാജ്യം വിടുന്നതിന് ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന മല്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകണമെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. അരുണ്‍ ജെയ്റ്റ്ലിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ധനമന്ത്രി സ്ഥാനത്ത് നിന്ന് അന്വേഷണം കഴിയുന്നത് വരെ മാറി നില്‍ക്കാന്‍ അരുണ്‍ ജയ്റ്റ്ലി തയ്യാറാകണമെന്നും രാഹുല്‍ പറഞ്ഞു.

2016 ല്‍ ദല്‍ഹി വിമാനത്താവളത്തില്‍നിന്ന് മല്യ ജനീവ വഴി ലണ്ടനിലേക്ക് പോകുന്നതിനു മുന്‍പു തന്നെ മോദി സര്‍ക്കാരിന് അദ്ദേഹത്തിന്റെ ബാങ്ക് തട്ടിപ്പുകളുടെ പൂര്‍ണവിവരം അറിയാമായിരുന്നു എന്നു കൂടിയാണ് കഴിഞ്ഞദിവസങ്ങളില്‍ വ്യക്തമായത്.


We use cookies to give you the best possible experience. Learn more