| Friday, 11th February 2022, 8:03 pm

മീഡിയ വണിന് പിന്തുണയുമായി മല്ലു ട്രാവലര്‍; ഹേറ്റ് കമന്റുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ മീഡിയ വണ്‍ ചാനലിന് പിന്തുണയുമായി എത്തിയ യൂട്യൂബര്‍ മല്ലു ട്രാവലറി(ഷാക്കിര്‍)ന്റെ പോസ്റ്റിന് താഴെ വിദ്വേഷ കമന്റുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍.

ചാനലിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ മീഡിയ വണിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളെ പ്രൊമോട്ട് ചെയ്തുള്ള പോസ്റ്ററാണ് ഷാക്കിര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ഇതിനുതാഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

‘ജിഹാദി, പതുക്കെ സുഡാപ്പിത്തരം പുറത്തുചാടുണ്ട്, വര്‍ഗ ഗുണം കാണിച്ചു, നീലക്കുറുക്കന്‍ നിലാവത്ത് വെളിയില്‍ ചാടി,’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

എന്നാല്‍ ഹേറ്റ് കമന്റുകള്‍ അധികരിച്ചതോടെ ഇതിന് മറുപടി കമന്റുമായി ഷാക്കിര്‍ തന്നെ രംഗത്തെത്തി.

‘കമന്റ് ബോക്‌സില്‍ എന്നെ വര്‍ഗീയവാദി, സുഡാപ്പി എന്ന് വിളിക്കുന്നവരോട്.
ഞാന്‍ ഒരു ഇസ്‌ലാം മത വിശ്വാസിയാണ്, എല്ലാ മനുഷ്യരെയും ഒരു പോലെ കാണാനും, സ്‌നേഹിക്കാനും ആണ് ഞാന്‍ പഠിച്ചത്.

മുസ്‌ലിം നാമധാരികള്‍ ആയവര്‍ തീവ്രവാദികള്‍ ആണെന്ന് പറഞ്ഞുപരത്താന്‍ നോക്കുന്ന ചില മത തീവ്രവാദ സംഘടനയില്‍പ്പെട്ടവര്‍ക്ക് എന്നെയും ആ കണ്ണുകൊണ്ട് മാത്രമെ കാണാന്‍ കഴിയുള്ളൂ.

ഇന്ത്യ ഒരു സംഘടനയ്‌ക്കൊ, മതങ്ങള്‍ക്കൊ തീറെഴുതി കൊടുത്ത രാജ്യം അല്ല, എല്ലാവര്‍ക്കും ഒരു പോലെ അവകാശപ്പെട്ടതാണ്. ആരും മതത്തിന്റെ പേരും പറഞ്ഞ് അതില്‍ അവകാശം സ്ഥാപിക്കാന്‍ വരണ്ട,’ എന്നാണ് ഷാക്കിര്‍ കമന്റ് ചെയ്തത്.

ഷാക്കിറിന് പിന്തുണയുമായും കമന്റുകള്‍ എത്തുന്നുണ്ട്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ സുഡാപ്പി ചാപ്പ നല്‍കുന്ന നടപടിയിലാണ് ഷാക്കിറിനെ ആളുകള്‍ പിന്തുണക്കുന്നത്.

അതേസമയം, എം.എല്‍.എ ടി. സിദ്ദീഖ്, എം.എസ്.എഫ് മുന്‍ ഹരിത നേതാക്കളായ ഫാത്തിമ തഹ്‌ലിയ, നജ്മ തബ്ഷീറ എന്നിവരും മീഡിയ വണിന്റെ ഫേസ്ബുക്ക് യൂട്യൂബ് പേജുകളെ പ്രമോട്ട് ചെയ്യുന്ന പോസ്റ്ററുകള്‍ പങ്കുവെച്ചിട്ടുണ്ട്.

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയുള്ള ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.

ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ് അപ്പീല്‍ നല്‍കിയത്.

CONTENT HIGHLIGHTS: Mallu Traveler with support for Media One; Sangh Parivar profiles with hate comment

We use cookies to give you the best possible experience. Learn more