കൊച്ചി: ഇക്കഴിഞ്ഞ ചൊവ്വാഴ്ച കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്യവെ നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച നടിയും മോഡലുമായ നന്ദിതക്ക് അഭിനന്ദന പ്രവാഹം. തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി കൊണ്ടാണ് യുവതി സംഭവം വെളിപ്പെടുത്തിയത്. യുവതിയുടെ പരാതിയില്‍ സഹയാത്രികനായ കോഴിക്കോട് സ്വദേശി സവാദിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് നന്ദിതയുടെയും ബസ് ജീവനക്കാരുടെയും ധീരതയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.
ചൊവ്വാഴ്ച രാവിലെ തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് ഈ സംഭവമെന്ന് നന്ദിത പറഞ്ഞു. ‘രാവിലെ പത്ത് മണിക്ക് ബസില്‍ യാത്ര ചെയ്യുന്ന രണ്ട് സ്ത്രീകളുടെ നടുക്ക് വന്നിരുന്ന് ഒരു യുവാവ് ഇത്തരത്തില്‍ സ്വയംഭോഗം ചെയ്യുന്നത് എന്നെ ഞെട്ടിച്ചു. കുറേ നേരം ബ്ലാങ്കായിരുന്നു. ഗര്‍ഭിണിയായ സ്ത്രീയുടേയും എന്റേയും നടുക്കിരുന്നാണ് പ്രതിയായ സവാദ് ഈ നാണമില്ലായ്മ് കാണിച്ചത്’ നടി പറഞ്ഞു.
ഉറങ്ങിക്കിടക്കവെ ആദ്യം ഇയാള്‍ എന്റെ അരക്കെട്ടില്‍ കൈവെച്ച് ഉരസുന്നുണ്ടായിരുന്നെന്നും അപ്പോഴാണ് ഞെട്ടി ഉണര്‍ന്നതെന്നും യുവതി പറഞ്ഞു. ‘പിന്നീടാണ് അവന് സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയത്. ആ നിമിഷം ഞാന്‍ ബ്ലാങ്കായി പോയി. പിന്നീട് ദുബായിലുള്ള സുഹൃത്തിന് മെസേജ് അയച്ചപ്പോള്‍, അവനാണ് വീഡിയോ എടുത്ത് ഉടനെ പ്രതികരിക്കാന്‍ പറഞ്ഞത്.
ഞാന്‍ പിന്നീട് അതുപോലെ ചെയ്യുകയായിരുന്നു. അതോടെ യുവാവ് ഭയന്നത് നേരില്‍ കാണാനായി. ആളെക്കൂട്ടിയപ്പോള്‍ യുവാവ് ഇറങ്ങാന്‍ ഒരുമ്പെടുകയും ഞാനിവളെ തൊട്ടിട്ടില്ലെന്നും പാന്റ്സിന്റെ സിപ് കേടായെന്നുമാണ് കള്ളം പറഞ്ഞത്.
ബസ് കണ്ടക്ടര്‍ പ്രദീപേട്ടനും ഡ്രൈവര്‍ ജോഷി ചേട്ടനും ബസിലുണ്ടായിരുന്ന നിയമവിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടേയും പിന്തുണ കാരണമാണ് എനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞത്. ഡ്രൈവര്‍ ചേട്ടന് പൊലീസുകാരെ വിളിക്കാന്‍ പോയപ്പോഴാണ് ഇയാള്‍ ഇറങ്ങിയോടിയത്. ഉടനെ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് അയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു’ നന്ദിത പറഞ്ഞു.
സവാദ് എന്ന പ്രതി ഇതിന് മുമ്പും ഇത്തരത്തില്‍ ചെയ്തിട്ടുള്ളതായി അഞ്ചോളം സ്ത്രീകള്‍ തനിക്ക് വോയ്സ് മെസേജ് അയച്ചതായും നടി വെളിപ്പെടുത്തി. ‘തൃശൂര്‍-അങ്കമാലി റൂട്ടിലാണ് അവന് സ്ഥിരമായി യാത്ര ചെയ്ത് ഇതുപോലെ കാണിക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചപ്പോള്‍ വലിയ പിന്തുണയാണ് ലഭിച്ചത്.
98 ശതമാനം സ്ത്രീകളും എന്റെ ധൈര്യത്തെ അഭിനന്ദിച്ചു. എന്നാല്‍ എന്നെ വിഷമിപ്പിക്കുന്നത് കേരളത്തിലെ സ്ത്രീകള്‍ ഇപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നതാണ്. ബസിലുണ്ടായിരുന്ന എല്ലാവരോടും നന്ദിയുണ്ട്. ഇനി അവന് സിബ്ബ് തുറക്കാന്‍ പേടിക്കണം,’ നടി പറഞ്ഞു.