| Sunday, 9th May 2021, 4:18 pm

കൊവിഡ് പ്രതിസന്ധി നേരിടാന്‍ ആറു നിര്‍ദ്ദേശങ്ങള്‍; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന കൊവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ കേന്ദ്രത്തിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ വെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആറു നിര്‍ദ്ദേശങ്ങളടങ്ങിയ കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.

സ്വന്തം സമ്പാദ്യങ്ങളെല്ലാമെടുത്ത് ഇന്ത്യയിലെ ജനങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചികിത്സയ്ക്കായി തെരുവിലിറങ്ങുകയാണെന്നും സര്‍ക്കാര്‍ ഉടനടി എന്തെങ്കിലും ചെയ്യണമെന്നും ഖാര്‍ഗെ പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം കൊവിഡിനെ തടയാന്‍ മുന്നോട്ടുവരുമ്പോള്‍ അവരെ നയിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്ത നിര്‍വ്വഹണത്തില്‍ നിന്ന് പിന്‍മാറിക്കൊണ്ടിരിക്കുകയാണെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

ഈ സാഹചര്യത്തില്‍ കേന്ദ്രം ആദ്യം ചെയ്യേണ്ടത് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും വിളിച്ചുചേര്‍ത്ത് ഒരു സംയുക്തസമ്മേളനം നടത്തുക എന്നതാണ്. അതുകൂടാതെ വാക്‌സിനായി നീക്കിവെച്ച 35000 കോടി രൂപ എല്ലാവരിലും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഖാര്‍ഗെ മോദിയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

മഹാമാരി നേരിടുന്നതിനായി ലഭിച്ച വിദേശ സഹായങ്ങള്‍ എത്രയും പെട്ടെന്ന് തന്നെ എല്ലാവരിലും എത്തിക്കണമെന്നും തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിവസങ്ങളുടെ എണ്ണം നൂറില്‍ നിന്ന് 200 ആയി ഉയര്‍ത്തണമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിന്നും പ്രധാനമന്ത്രിയ്ക്ക് അയക്കുന്ന മൂന്നാമത്തെ കത്താണ് ഖാര്‍ഗെയുടേത്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയും തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.

ഇന്ത്യയിലെ കൊവിഡ് സാഹചര്യത്തെപ്പറ്റി വിലയിരുത്താന്‍ അടിയന്തരമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിയും മോദിയ്ക്ക് കത്തെഴുതിയിരുന്നു.

‘രാജ്യത്ത് ഇന്ന് 4.14 ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3900 പേരാണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. ഈ മഹാമാരി കൈകാര്യം ചെയ്യാന്‍ പാര്‍ലമെന്ററി കമ്മിറ്റികള്‍ ഒന്നിച്ചുചേര്‍ന്ന് തീരുമാനമെടുക്കേണ്ട സാഹചര്യമാണിത്. ജനങ്ങള്‍ക്കു മുന്നില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. എന്തെങ്കിലും ഉടനടി ചെയ്തേ മതിയാകൂ,’ സോണിയ ഗാന്ധി കത്തില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Mallikarjun Kharge Writes Letter To PM On Covid Crisis

We use cookies to give you the best possible experience. Learn more