| Wednesday, 19th October 2022, 1:34 pm

അട്ടിമറിയില്ല, ഖാർ​ഗെ എ.ഐ.സി.സി പ്രസിഡന്റ് ; തരൂരിന് 1072 വോട്ടുകൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ അട്ടിമറികളില്ലാതെ മുതിർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർ​ഗെക്ക് വിജയം. ശശി തരൂരിനെതിരെ 7897 വോട്ടുകൾ നേടിയാണ് ​ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഖാർ​ഗെ എ.ഐ.സി.സി പ്രസിഡന്റായി വിജയിച്ചത്. അതേസമയം, തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. 416 വോട്ടുകള്‍ അസാധുവായി

എ.ഐ.സി.സി ആസ്ഥാനത്തിന് മുമ്പിൽ കോൺ​ഗ്രസ് പ്രവർത്തകുടെ വൻ ആഘോഷമാണ് നടക്കുന്നത്. വോട്ടെടുപ്പ് തുടങ്ങിയത് മുതൽ ഖാർ​ഗെ ക്യാമ്പ് ആഘോഷങ്ങൾക്ക് തുടക്കമിട്ടിരുന്നു.

ഖാര്‍ഗെയുടെ കര്‍ണാടകയിലെ വീട്ടിലേക്ക് രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ എത്തി തുടങ്ങിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ഗൗരവ് വല്ലഭ് വീട്ടില്‍ എത്തുകയും ആഘോഷങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

24 വർഷത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ അധ്യക്ഷ പദവിയിലെത്തുന്നത്. നിലവിൽ കർണാടകയിൽ നിന്നുള്ള രാജ്യസഭാ എം.പിയാണ് ഖാർ​ഗെ.

22 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസിൽ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രത്തിൽ ഇത് ആറാം തവണയാണ് അധ്യക്ഷ പദത്തിലേക്ക് മത്സരം നടക്കുന്നത്.

അഞ്ച് ടേബിളുകളിലായാണ് വോട്ടെണ്ണൽ നടന്നത്. 9497 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. 68 ബാലറ്റ് പെട്ടികൾ പത്ത് മണിയോടെ സ്ട്രോംഗ് റൂമിൽ നിന്ന് പുറത്തെടുത്തു. ബാലറ്റ് പേപ്പറുകൾ കൂട്ടിക്കലർത്തി, നൂറ് എണ്ണം വീതമുളള കെട്ടാക്കി മാറ്റിയായിരുന്നു വോട്ടെണ്ണൽ.

അതേസമയം വോട്ടെടുപ്പിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് തരൂർ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകിയിരുന്നു. ഉത്തർപ്രദേശിലെ വോട്ടുകൾ പ്രത്യേകം എണ്ണണമെന്നായിരുന്നു തരൂരിൻറെ ആവശ്യം. ഇത് തെരഞ്ഞെടുപ്പ് സമിതി അം​ഗീകരിച്ചു. 1200 ഓളം വോട്ടുകളാണ് യു.പിയിൽ നിന്നുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച ബാലറ്റ് പെട്ടികളിലെ വോട്ടുകൾ എണ്ണിയ ശേഷമാണ് യു.പിയിലെ വോട്ടുകൾ എണ്ണിയത്.

കേരളം, തെലങ്കാന, ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിൽ ക്രമക്കേട് നടന്നു എന്നായിരുന്നു തരൂർ പക്ഷത്തിന്റെ ആരോപണം.

Content Highlight: Mallikarjun Kharge won AICC President Poll

We use cookies to give you the best possible experience. Learn more