| Friday, 30th September 2022, 10:41 am

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയാകും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥിയായി ഖാര്‍ഗെയെ ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തിരിക്കുന്നത്. ഖാര്‍ഗെയുടെ പത്രികയില്‍ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയും ഒപ്പുവെച്ചിട്ടുണ്ട്.

രാജ്യസഭ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ സജീവമാക്കിയിരുന്നു.

മുന്‍ കേന്ദ്രമന്ത്രിയും നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമാണ് ഖാര്‍ഗെ. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളുമായി ഖാര്‍ഗെയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ഇത് ഖാര്‍ഗെയെ സംബന്ധിച്ച് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സഹായിക്കുമെന്നാണ് ഖാര്‍ഗെ അനുകൂലികള്‍ പറയുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിന് വേണ്ടി ഖാര്‍ഗെ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് നേതൃത്വത്തെ തിരിച്ചുപിടിക്കാനും ശക്തമായി പ്രവര്‍ത്തിക്കാനും പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുന്ന രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അഭിനന്ദനമര്‍ഹിക്കുന്നതാണെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.

ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക് മാത്രമേ കോണ്‍ഗ്രസിനെ ശരിയായി നയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒക്ടോബര്‍ 17നാണ് കോണ്‍ഗ്രസിന്റെ അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബര്‍ 30വരെയായിരിക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസരമുണ്ടാകുക.

Content Highlight: Mallikarjun kharge to contest in congress president polls

We use cookies to give you the best possible experience. Learn more