ഇന്ത്യയില്‍ തൊഴിലില്ലാതെ ജീവിക്കുന്നതിലും നല്ലത് ഇസ്രഈലില്‍ പോയി മരിക്കുകയല്ലേ എന്നാണ് അവര്‍ ചോദിക്കുന്നത്; മോദിയെ ഇരുത്തി ഖാര്‍ഗെയുടെ വിമര്‍ശനം
India
ഇന്ത്യയില്‍ തൊഴിലില്ലാതെ ജീവിക്കുന്നതിലും നല്ലത് ഇസ്രഈലില്‍ പോയി മരിക്കുകയല്ലേ എന്നാണ് അവര്‍ ചോദിക്കുന്നത്; മോദിയെ ഇരുത്തി ഖാര്‍ഗെയുടെ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd February 2024, 10:37 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേന്ദ്രസര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളത്തിന് പിന്നാലെ നടന്ന നന്ദി പ്രമേയ ചര്‍ച്ചയിലായിരുന്നു മോദിയെ ഇരുത്തിക്കൊണ്ട് ഖാര്‍ഗെ കേന്ദ്ര നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.

തൊഴിലില്ലായ്മയെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും സംസാരിച്ച ഖാര്‍ഗെ സംവരണം അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

ബി.ജെ.പിയുടെ എല്ലാ അംഗങ്ങളും മോദിയുടെ ‘ഏകാധിപത്യ ശൈലി’ പ്രോത്സാഹിപ്പിക്കുകയും അതിന് സംരക്ഷണം ഒരുക്കുകയുമാണെന്ന് ഖാര്‍ഗെ പറഞ്ഞു.

സംവരണ വിഭാഗങ്ങള്‍ക്കെതിരായ മാനസികാവസ്ഥ വെച്ചുപുലര്‍ത്തുന്ന ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനേയും ബി.ജെ.പി മുഖ്യമന്ത്രിയേയും മോദി അംഗീകരിക്കുന്നത് എങ്ങനെയാണെന്ന് ഖാര്‍ഗെ ചോദിച്ചു.

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് മോദിക്കൊപ്പമുണ്ടായിരുന്ന മോഹന്‍ ഭാഗവത് സംവരണം പുനരാലോചിക്കണമെന്നാണ് പറഞ്ഞത്. അദ്ദേഹം ഒരു സന്യാസിയാണോ എന്ന് എനിക്ക് അറിയില്ല. ഏതായാലും യു.ജി.സി ഇപ്പോള്‍ സംവരണം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്,’ ഖാര്‍ഗെ പരിസഹിച്ചു.

ബ്രാഹ്‌മണനെ സേവിക്കുകയാണ് മറ്റ് വിഭാഗങ്ങളുടെ കര്‍ത്തവ്യമെന്ന് പറഞ്ഞത് ഒരു ബി.ജെ.പി മുഖ്യമന്ത്രിയാണ്. ഈ മാനസികാവസ്ഥ വെച്ചുപുലര്‍ത്തുന്നവര്‍ അധികാര സ്ഥാനങ്ങളില്‍ ഇരുന്നാല്‍ എങ്ങനെ ദുര്‍ബല വിഭാഗങ്ങള്‍ രക്ഷപ്പെടുമെന്നും ഖാര്‍ഗെ ചോദിച്ചു.

സംവരണത്തെ പിന്തുണയ്ക്കുന്ന പ്രസ്താവനകളില്‍ നിന്നും മോദി വിട്ടുനല്‍ക്കണം. എസ്.സി, എസ്.ടി വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള സംവരണം ഒഴിവാക്കുന്നത് സംബന്ധിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യു.ജി.സി) അടുത്തിടെ പുറത്തിറക്കിയ കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ പ്രധാനമന്ത്രി അപലപിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിന്നോക്ക വിഭാഗക്കാരും സ്ത്രീകളും ആക്രമിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. അല്ലാത്തപക്ഷം, മണിക്കൂറുകളോളം അദ്ദേഹം എന്തിനെക്കുറിച്ചും സംസാരിക്കും. എന്നാല്‍ മണിപ്പൂര്‍ അക്രമം പോലുള്ള വിഷയങ്ങളില്‍ അദ്ദേഹം മൗനം പാലിക്കും. എന്തുകൊണ്ടാണ് നിങ്ങള്‍ മണിപ്പൂരിലേക്ക് പോകാത്തത്? ഖാര്‍ഗെ ചോദിച്ചു.

ഗുജറാത്ത് വംശഹത്യയുടെ ഇരയായ ബില്‍ക്കിസ് ബാനുവിനെ ആക്രമിച്ചവരെ മാലയിട്ട് സ്വീകരിച്ചപ്പോള്‍ മോദി അതിനെ അപലപിച്ചില്ല. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ അടുത്തിടെയുണ്ടായ അതിക്രമവും നമ്മുടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല, ഖാര്‍ഗെ പറഞ്ഞു.

ഇസ്രഈലിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കേന്ദ്രനീക്കത്തേയും ഖാര്‍ഗെ വിമര്‍ശിച്ചു. ഇന്ത്യയില്‍ തൊഴിലില്ലാതെ ജീവിക്കുന്നതിലും നല്ലത് ഇസ്രഈലില്‍ പോയി മരിക്കുകയാണെന്നാണ് ഇന്ത്യക്കാര്‍ പറയുന്നത്. 30 ലക്ഷത്തോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ വെറും ആയിരം നിയമനങ്ങള്‍ മാത്രം നടത്തി അത് ആഘോഷമാക്കുന്ന സര്‍ക്കാരാണ് മോദിയുടേതെന്നും ഖാര്‍ഗെ പറഞ്ഞു.

‘ഇവിടെ എന്തെങ്കിലും ജോലി കിട്ടിയിരുന്നെങ്കില്‍ അവര്‍ ഇന്ത്യയില്‍ തന്നെ തുടരുമായിരുന്നുവെന്ന് ആളുകള്‍ പറയുന്നു. മോദി ഭരണത്തിന് കീഴില്‍ തൊഴിലില്ലായ്മ വര്‍ധിച്ചു. നിങ്ങള്‍ക്ക് എല്ലാ അധികാരങ്ങളും ഉണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് നിങ്ങള്‍ 30 ലക്ഷം ഒഴിവുകള്‍ നികത്താത്തത്.

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലികള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഏക പ്രതീക്ഷയാണ്. നിങ്ങള്‍ അവരെ നിഷേധിക്കുകയാണെങ്കില്‍, അവര്‍ ഇന്‍ക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം ഉയര്‍ത്തും. അവരുടെ സഹിഷ്ണുതയെ നിങ്ങള്‍ ഇനിയും പരീക്ഷിക്കരുത്, ഖാര്‍ഗെ പറഞ്ഞു.

ജാര്‍ഖണ്ഡിലെയും ബീഹാറിലെയും സമീപകാല സംഭവവികാസങ്ങളെ കുറിച്ചും ഖാര്‍ഗെ സംസാരിച്ചു. ആരെങ്കിലും ബി.ജെ.പിക്കൊപ്പം ചേര്‍ന്നാല്‍ ആ സംസ്ഥാനത്തെ ഭരണമാറ്റം എളുപ്പത്തില്‍ സംഭവിക്കും.

ജാര്‍ഖണ്ഡിലെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി സോറന് രണ്ട് ദിവസം കാത്തിരിക്കേണ്ടി വന്നപ്പോള്‍, നിതീഷ് കുമാറിന് രാജിവെച്ച് മണിക്കൂറുകള്‍ക്കകം ബീഹാറില്‍ അതേ സ്ഥാനത്തേക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചെന്നും ഖാര്‍ഗെ പറഞ്ഞു.

Content Highlight: Mallikarjun Kharge targets Centre over unemployment, inflation and reservation