ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി (യു.പി.എസ്)ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. യു.പി.എസിലെ, യു എന്നത് യു-ടേണുകളെ സൂചിപ്പിക്കുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞു. പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഖാര്‍ഗെയുടെ വിമര്‍ശനം.
2024 ജൂണ്‍ നാലിന് അധികാര ധാര്‍ഷ്ട്യത്തിന് മേല്‍ ജനങ്ങളുടെ ശക്തി വിജയിച്ചുവെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. യു.പി.എസ് എന്നത് മറ്റൊരു റോള്‍ബാക്കാണെന്നും ഖാര്‍ഗെ പറയുകയുണ്ടായി. പ്രതിപക്ഷം ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചതിന് പിന്നാലെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വെട്ടിലായത് നാല് നീക്കങ്ങളിലാണ്.
ഒന്ന് ലാറ്ററല്‍ എന്‍ട്രിയിലൂടെ കേന്ദ്ര മന്ത്രാലയങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് സ്വകാര്യ മേഖലയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് അടുത്തിടെ ബി.ജെ.പി സര്‍ക്കാര്‍ പിന്മാറുകയുണ്ടായി. പ്രതിപക്ഷത്തിന്റെയും ഭരണകക്ഷികളുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്മാറിയത്.
പ്രതിപക്ഷം രൂക്ഷമായി വിമര്‍ശനവും വെല്ലുവിളിയും ഉയര്‍ത്തിയതോടെ പ്രക്ഷേപണ ബില്‍ നടപ്പിലാക്കുന്നതില്‍ നിന്നും കേന്ദ്രം പിന്മാറിയിരുന്നു. പ്രതിപക്ഷത്തിന് പുറമെ മാധ്യമ പ്രവര്‍ത്തകരും സ്ഥാപനങ്ങളും ഈ ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു. വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിനെതിരെ പ്രതിപക്ഷവും മുസ്‌ലിം സംഘടനകളും ഉയര്‍ത്തിയ എതിര്‍പ്പില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദത്തിലായിരുന്നു. തുടര്‍ന്ന് നടപടിയില്‍ പരിശോധന നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിക്ക് അയക്കുകയും ചെയ്തു.
ഈ നാല് കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ, രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ഉത്തരവാദിത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ പെന്‍ഷന്‍ പദ്ധതി യൂണിയന്‍ കാബിനറ്റ് അംഗീകരിച്ചത്. ഈ പദ്ധതി 2025 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. ഇത് 23 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രയോജനമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏത് പെന്‍ഷന്‍ പദ്ധതി തെരഞ്ഞെടുക്കണെമെന്ന് തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ട്. ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍.പി.എസ്) മുഖേന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് യു.പി.എസിലേക്ക് മാറാനുള്ള സാധുതയും കേന്ദ്രം നല്‍കുന്നുണ്ട്.
Content Highlight: Mallikarjun Kharge strongly criticized the new Unified Pension Scheme (UPS) for central government employees