ന്യൂദല്‍ഹി: സ്ത്രീകളാണ് രാജ്യത്തിന്റെ വളര്‍ച്ചക്ക് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോഴും ബി.ജെ.പി സ്വീകരിക്കുന്നത് സ്ത്രീ വിരുദ്ധ നിലപാടുകളാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
സ്ത്രീകളെ പ്രശംസിക്കുന്നതിനോടൊപ്പം ബി.ജെ.പി സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. ബില്‍ക്കിസ് ബാനു കേസ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു രാജ്യത്തിന്റെ വളര്‍ച്ചയുടെ പ്രധാന തൂണുകളിലൊന്ന് സ്ത്രീകളാണെന്ന്.
ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസ് പ്രതികളെ വെറുതെ വിട്ട നടപടിയെ ന്യായീകരിച്ച് ബി.ജെ.പി കാബിനറ്റ് മന്ത്രി രംഗത്തെത്തുന്നു.
പരോളിലെത്തിയ ബലാത്സംഗക്കേസ് പ്രതി നടത്തുന്ന പരിപാടിയില്‍ ബി.ജെ.പി നേതാക്കള്‍ പങ്കെടുക്കുന്നു. ഇതാണോ മോദി പറഞ്ഞ സ്ത്രീകളോടുള്ള ബഹുമാനം?,’ ഖാര്‍ഗെ പറയുന്നു.
PM Modi said respect for women is an important pillar for India’s growth.
BJP cabinet minister defends release of convicts in #BilkisBano Case.
BJP leaders attend event hosted by another rape convict who’s out on parole.
Is this the respect for women that PM was preaching?
അതേസമയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മോദിയുടെ സ്ത്രീ വിരുദ്ധ പ്രവര്‍ത്തികളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി ബലാത്സംഗികള്‍ക്കൊപ്പമാണ് നിലനില്‍ക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ചെങ്കോട്ടയില്‍ സ്ത്രീകളെ ബഹുമാനിക്കുന്നതിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി യഥാര്‍ത്ഥത്തില്‍ പിന്തുണക്കുന്നത് ബലാത്സംഗികളെയാണ്. അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളും ഉദ്ദേശങ്ങളും തമ്മില്‍ കൃത്യമായ വ്യത്യാസമുണ്ട്. പ്രധാനമന്ത്രി സ്ത്രീകളെ വഞ്ചിക്കുക മാത്രമാണ് ചെയ്തത്,’ എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ജയിലില്‍ നിന്ന് മോചിപ്പിച്ചതെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വിശദീകരണം. ശിക്ഷ ഇളവ് ലഭിച്ച പതിനൊന്ന് പേരും ജയിലില്‍ നല്ല പെരുമാറ്റമായിരുന്നുവെന്നും ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ശിക്ഷ അനുഭവിക്കുന്നവരുടെ ജയില്‍ മോചനം സംബന്ധിച്ച 1992ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പതിനൊന്ന് പേര്‍ക്കും ശിക്ഷ ഇളവ് നല്‍കിയത്. പതിനാല് വര്‍ഷം തടവ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നുവെന്നും ഗുജറാത്ത് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ബലാത്സംഗ-കൊലപാതക കേസില്‍ കുറ്റവാളികളായ പതിനൊന്നുപേരെ മോചിപ്പിച്ചത്. ഗുജറാത്ത് സര്‍ക്കാരിന്റെ ഈ ഉത്തരവ് വിവാദമായതിന് പിന്നാലെ ഇതിനെതിരെ ബില്‍ക്കിസ് ബാനു രംഗത്ത് എത്തിയിരുന്നു. ഭയമില്ലാതെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം നല്‍കണമെന്ന് അവര്‍ ഗുജറാത്ത് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
Content Highlight: Mallikarjun kharge slams prime minister Modi for his remarks on women and bjp’s anti women strategies