| Saturday, 14th November 2020, 6:56 pm

ഡി.കെ ശിവകുമാറിന്റെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പരസ്യപ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കര്‍ണ്ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാറിനെ പരിഹസിച്ച് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അന്ധവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തരുതെന്നാണ് ഖാര്‍ഗെ ശിവകുമാറിന് നല്‍കിയ നിര്‍ദ്ദേശം.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് ശിവകുമാറിനെ ലക്ഷ്യമിട്ട് ഖാര്‍ഗെയുടെ പ്രസ്താവന.

‘അന്ധവിശ്വാസങ്ങള്‍ക്ക് തന്റെ ജീവിതത്തില്‍ യാതൊരു സ്ഥാനവും നല്‍കാത്ത വ്യക്തിയായിരുന്നു നെഹ്‌റു. ശിവകുമാര്‍ ജീ, ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു അദ്ദേഹം അന്ധവിശ്വാസങ്ങളില്‍ വിശ്വസിച്ചിരുന്നില്ല’- ഖാര്‍ഗെ പറഞ്ഞു.

ഖാര്‍ഗെയുടെ ഈ പ്രസ്താവനയോടെ കാണികളില്‍ ചിലര്‍ ചിരിക്കാനും തുടങ്ങി. ശിവകുമാറിനെ ലക്ഷ്യമിട്ടാണ് ഖാര്‍ഗെ ഈ പരാമര്‍ശം നടത്തിയതെന്നാണ് കാണികളില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

ശാസ്ത്രത്തില്‍ വിശ്വസിച്ചയാളാണ് നെഹ്‌റുവെന്നും അതുകൊണ്ടാണ് രാജ്യത്തിന്റെ പതാകയില്‍ സുദര്‍ശന ചക്രത്തിന് പകരം അശോകചക്രം സ്ഥാപിച്ചതെന്നും ഖാര്‍ഗെ പറഞ്ഞു.

ജ്യോതിഷത്തില്‍ അമിതമായി വിശ്വസിക്കുന്ന ശിവകുമാറിനെതിരെ നേരത്തെയും ഇത്തരം പരോക്ഷ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയിലെ പലനേതാക്കളും ഉയര്‍ത്തിയിരുന്നു. അടുത്തിടെ നടന്ന രാജരാജേശ്വരി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജ്യോതിഷിയുടെ ഉപദേശത്തിനനുസരിച്ച് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്ത ശിവകുമാറിന്റെ നടപടിയ്‌ക്കെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ശിവകുമാര്‍ തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥിയ്ക്ക് കഴിഞ്ഞില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ കുസുമ ഹനുമന്തരായപ്പ ബി.ജെ.പി സ്ഥാനാര്‍ത്ഥി മുനിരത്‌നയ്ക്കു മുന്നില്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Mallikarjun Kharge Slams DK Sivakumar

We use cookies to give you the best possible experience. Learn more