കുത്തനെ കൂട്ടി പാചകവാതക വില; കൊള്ള എന്ന് അവസാനിക്കുമെന്ന് കേന്ദ്രത്തോട് ഖാര്‍ഗെ
national news
കുത്തനെ കൂട്ടി പാചകവാതക വില; കൊള്ള എന്ന് അവസാനിക്കുമെന്ന് കേന്ദ്രത്തോട് ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st March 2023, 10:55 am

ന്യൂദല്‍ഹി: പാചകവാതക വില ക്രമാതീതമായി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വാണിജ്യ സിലിണ്ടറിന് 350 രൂപയും ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയുമാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഹോളിക്ക് എങ്ങനെ ജനങ്ങള്‍ ഭക്ഷണമുണ്ടാക്കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ കൊള്ളയടി എന്ന് അവസാനിക്കുമെന്നും ഖാര്‍ഗെ ചോദിക്കുന്നു. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ഗാര്‍ഹിക സിലിണ്ടറിന് ഉയര്‍ത്തിയത് 50 രൂപ. വാണിജ്യ സിലിണ്ടറിന് ഉയര്‍ത്തിയത് 350രൂപ. ഹോളി വിഭവങ്ങള്‍ എങ്ങനെയുണ്ടാക്കുമെന്നാണ് ജനങ്ങളുടെ ചോദ്യം. കൊള്ളയടി നിയമങ്ങള്‍ എന്ന് അവസാനിക്കും,’ ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു.

പുതിയ വില പ്രാബല്യത്തില്‍ വരുന്നതോടെ കൊച്ചിയില്‍, ?ഗാര്‍ഹിക സിലിണ്ടറിന്റെ വില 1110 രൂപയാകും. വാണിജ്യ സിലിണ്ടറിന് 350 രൂപ കൂടി ഉയരുന്നതോടെ ആകെ വില 2124 രൂപയാകും.

സമീപകാലത്ത് പാചക വാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. എണ്ണക്കമ്പനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ വര്‍ധിച്ചത് ഹോട്ടല്‍ ഭക്ഷണത്തിന്റെ ഉള്‍പ്പെടെ നിരക്ക് ഉയരാന്‍ കാരണമാകും.

കഴിഞ്ഞ രണ്ട് വര്‍ഷമായി സബ്സിഡിയും കേന്ദ്രം നല്‍കുന്നില്ല. സബ്സിഡി നിര്‍ത്തിയിട്ടില്ലെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ ഉള്‍പ്പെടെ പറയുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് സബ്സിഡി എത്തുന്നില്ലെന്നാണ് പരാതി.

Content Highlight: Mallikarjun Kharge slams centre’s decision to increase cylinder price