'അദ്ദേഹത്തെ നിര്‍ബന്ധിക്കും'; കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധിയെ തിരിച്ചുകൊണ്ടുവരുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
national news
'അദ്ദേഹത്തെ നിര്‍ബന്ധിക്കും'; കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധിയെ തിരിച്ചുകൊണ്ടുവരുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th August 2022, 7:36 pm

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ നിര്‍ബന്ധിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എല്ലാവരാലും അംഗീകരിക്കപ്പെട്ടവരും, കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുന്ന ഒരാളുമായിരിക്കണം വരാനിരിക്കുന്ന രാഷ്ട്രതി സ്ഥാനാര്‍ത്ഥിയെന്നും, അങ്ങനെ ഒരാള്‍ മാത്രമെ ഉള്ളൂവെന്നും അദ്ദേഹം ശനിയാഴ്ച പറഞ്ഞു. പാന്‍ ഇന്ത്യ ലെവലില്‍ ഇത്രയധികം സ്വീകാര്യതയുള്ള ഒരു നേതാവ് വേറെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശമായ പ്രകടനത്തിന് ശേഷം നേതൃസ്ഥാനത്തുനിന്നും രാജിവെച്ച രാഹുല്‍ ഗാന്ധി ആ സ്ഥാനത്തേക്ക് മടങ്ങിവരാന്‍ തയ്യാറല്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ആ സാഹചര്യത്തില്‍ വയനാട് എം.പിയായ രാഹുലിനോട് പാര്‍ട്ടിക്ക് വേണ്ടി ചുമതലയേല്‍ക്കാന്‍ തങ്ങള്‍ അഭ്യര്‍ത്ഥിക്കുമെന്നും വരാനിരിക്കുന്ന കോണ്‍ഗ്രസിന്റെ ‘ഭാരത് ജോഡോ യാത്ര’യില്‍ രാഹുല്‍ ഗാന്ധിയാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.

‘ഞങ്ങള്‍ അദ്ദേഹത്തോട് ചോദിക്കും, കോണ്‍ഗ്രസ് പ്രസിഡന്റായി മടങ്ങിവരാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്യും. ഞങ്ങള്‍ അദ്ദേഹത്തിന് പിന്നില്‍ തന്നെയുണ്ട്. അദ്ദേഹത്തെ പിന്തുടരാനാണ് ശ്രമിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്ന ബോഡിയായ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഞായറാഴ്ച യോഗം ചേരുമെന്നും പാര്‍ട്ടിയുടെ പുതിയ മേധാവിയെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതിയും സമയക്രമവും യോ?ഗത്തില്‍ അംഗീകരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന അംഗങ്ങളിലൊരാളായ ഗുലാം നബി ആസാദ് വെള്ളിയാഴ്ച പാര്‍ട്ടിയുടെ എല്ലാ പദവികളില്‍നിന്നും രാജിവെച്ചിരുന്നു.

അഞ്ച് പേജടങ്ങുന്ന വലിയ രാജിക്കത്താണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം നല്‍കിയത്. അഭിപ്രായഭിന്നതയെ തുടര്‍ന്ന് ഓഗസ്റ്റ് 17ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്നും ഗുലാം നബി ആസാദ് രാജിവെച്ചിരുന്നു

രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ അദ്ദേഹം ഉയര്‍ത്തിയിരുന്നു. സോണിയ ഗാന്ധിയെ ഒരു ‘ഫിഗര്‍ഹെഡ്’ എന്ന് വിളിക്കുകയും തീരുമാനങ്ങള്‍ എടുക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്ന് പറയുകയും ചെയ്തിരുന്നു.

സംഘടനാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ണമായും അസംബന്ധമാണെന്നും, ബൂത്ത്, ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളില്‍ ഒരിടത്തും വോട്ടര്‍ പട്ടിക തയ്യാറാക്കുകയോ, നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കുകയോ, തെരഞ്ഞെടുപ്പു നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലുള്ള നിയന്ത്രണം കൈവിടാതിരിക്കാന്‍ നടത്തിയ ഈ തട്ടിപ്പില്‍ എ.ഐ.സി.സി നേതൃത്വത്തിനും പങ്കുണ്ടെന്നും കത്തില്‍ വിമര്‍ശിച്ചിരുന്നു.