ന്യൂദല്‍ഹി: ജൂണ്‍ നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും തൊഴിൽരഹിതരാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നരേന്ദ്ര മോദിക്ക് ഭരണം നഷ്ടപ്പെടുമെന്ന പ്രചരണം ഇന്ത്യാ സഖ്യം ശക്തമാക്കിയതിന് പിന്നാലെയാണ് ഖാര്‍ഗെയുടെ പ്രതികരണം.
താന്‍ രാഷ്ട്രീയത്തിലേക്ക് വന്നത് ജോലി ചെയ്യാനല്ല, സാമൂഹിക പ്രവര്‍ത്തനത്തിന് വേണ്ടിയാണെന്ന് ഖാര്‍ഗെ പറഞ്ഞു. അമൃത്സറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു പരാമര്‍ശം.
തന്റെ ജോലി പോകുമെന്ന് മോദി പറഞ്ഞത് ശരിയാണ്. കാരണം മോദി വഹിക്കുന്ന സ്ഥാനപദവികള്‍ അദ്ദേഹത്തിന് നഷ്ടമാകാന്‍ പോകുന്നു. തങ്ങള്‍ അത് ഏറ്റെടുക്കാനും. താന്‍ എം.പിയായും എം.എല്‍.അയയും എല്ലാം പ്രവര്‍ത്തിച്ചതല്ലേ എന്നും ഖാര്‍ഗെ ചോദിച്ചു.
ബി.ജെ.പി 400 സീറ്റ് നേടുമെന്ന അവകാശവാദത്തെ തള്ളിയ ഖാര്‍ഗെ എന്‍.ഡി.എ സഖ്യം 200 സീറ്റുകള്‍ കടക്കില്ലെന്നും പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും തെലങ്കാനയിലും ബി.ജെ.പിക്ക് അസ്തിത്വമില്ലെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ ബി.ജെ.പി നിലനില്‍ക്കുന്നത് 50-50 എന്ന കണക്കിലാണ്. സംസ്ഥാനത്തെ മറ്റെല്ലായിടങ്ങളിലും ബി.ജെ.പി ദുർബലമാണെന്നന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
പശ്ചിമ ബംഗാളിലും ഒഡീഷയിലും ബി.ജെ.പി സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. പിന്നെ എങ്ങനെയാണ് 400 സീറ്റ് നേടുമെന്ന വാദം മോദിയും ഷായും ഉയര്‍ത്തുന്നതെന്നും ഖാര്‍ഗെ ചോദിച്ചു.
അതേസമയം കാറ്റ് മാറി വീശുന്നുവെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദും പ്രതികരിച്ചത്. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചരണം വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് ഇന്ത്യാ സഖ്യത്തിലെ നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. മോദിക്ക് ഭരണം നഷ്ടമാകുമെന്ന് നേതാക്കള്‍ ഊന്നിപ്പറയുന്നു.
കഴിഞ്ഞ ദിവസം തങ്ങള്‍ 310 സീറ്റ് നേരത്തെ നേടി കഴിഞ്ഞുവെന്ന് അമിത് ഷാ പ്രതികരിച്ചിരുന്നു. എന്‍.ഡി.എ സഖ്യം 400 സീറ്റിലേക്ക് എത്തുമെന്ന് മോദിയും പറഞ്ഞിരുന്നു. ഈ തെരഞ്ഞെടുപ്പ് തുടങ്ങിയതിന് ശേഷം 75 അഭിമുഖങ്ങളാണ് മോദി മാധ്യമങ്ങള്‍ക്ക് നല്‍കിയത്. കഴിഞ്ഞ നാല് മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയ മോദി തെരഞ്ഞെടുപ്പിനെ ഭയന്ന് തുടങ്ങിയെന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു.