| Wednesday, 28th September 2022, 4:38 pm

പാര്‍ട്ടി പറഞ്ഞാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാര്‍; നിലപാട് വ്യക്തമാക്കി ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സോണിയ ഗാന്ധി പറഞ്ഞാല്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലിഗാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ട്ടി എന്ത് തീരുമാനിച്ചാലും താന്‍ അത് സ്വീകരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രിയും നെഹ്റു-ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമാണ് ഖാര്‍ഗെ. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളുമായി ഖാര്‍ഗെയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ഇത് ഖാര്‍ഗെയെ സംബന്ധിച്ച് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സഹായിക്കുമെന്നാണ് ഖാര്‍ഗെ അനുകൂലികള്‍ പറയുന്നത്.

അതേസമയം നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക് മാത്രമേ കോണ്‍ഗ്രസിനെ വേണ്ട രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂ എന്നാണ് ഖാര്‍ഗെ വിശ്വസിക്കുന്നത് എന്നും വൃത്തങ്ങള്‍ പറയുന്നു. ഗാന്ധി കുടുംബത്തിന് രാജ്യത്തോടും രാഷ്ട്രീയത്തോടും പാരമ്പര്യമായ ബന്ധമുണ്ടെന്നും മറ്റൊരാള്‍ക്കും അത്തരത്തില്‍ ബന്ധമില്ലെന്നുമാണ് ഖാര്‍ഗെയുടെ വാദം.

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിന് വേണ്ടി ഖാര്‍ഗെ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് നേതൃത്വത്തെ തിരിച്ചുപിടിക്കാനും ശക്തമായി പ്രവര്‍ത്തിക്കാനും പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുന്ന രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അഭിനന്ദനമര്‍ഹിക്കുന്നതാണെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.

പാര്‍ട്ടി തന്നോട് ഇതുവരെ ഏല്‍പ്പിച്ച ദൗത്യങ്ങളൊന്നും താന്‍ നിരസിച്ചിട്ടില്ലെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കുന്നുണ്ട്.

ഒക്ടോബര്‍ 17നാണ് കോണ്‍ഗ്രസിന്റെ അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബര്‍ 30വരെയായിരിക്കും നാമനിര്‍ദേശ പത്രിക സര്‍പ്പിക്കാന്‍ അവസരമുണ്ടാകുക. നിലവില്‍ ശശി തരൂരാണ് നാമനിര്‍ദേശപത്രിക വാങ്ങിയിരിക്കുന്നത്.

അശോക് ഗെലോട്ടും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗെലോടോടിന്റെ വിശ്വസ്തരായ 90ലധികം എം.എല്‍.എമാര്‍ രാജി ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് ഗെലോട്ട് വിട്ടുനില്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിയുണ്ടാകുമെന്നായിരുന്നു ഭീഷണി.

Content Highlight: Mallikarjun kharge says he might contest for president election post if party demand

We use cookies to give you the best possible experience. Learn more