'കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ ഇ.ഡി നടത്തിയ റെയ്ഡില്‍ 95 ശതമാനവും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവെച്ച്'
national news
'കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ ഇ.ഡി നടത്തിയ റെയ്ഡില്‍ 95 ശതമാനവും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവെച്ച്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th February 2023, 3:10 pm

ന്യൂദല്‍ഹി: 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(enforcement directorate) നടത്തിയ റെയ്ഡുകളില്‍ 95 ശതമാനവും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇതില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെട്ടിട്ടുള്ളത് കോണ്‍ഗ്രസ് നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.

ഛത്തീസ്ഗഡില്‍ അവിടുത്തെ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യം വെച്ച് ഇ.ഡി ഇപ്പോള്‍ നത്തുന്ന റെയ്ഡ് റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും ഖാര്‍ഗെ ആരോപിച്ചു.

‘കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഇ.ഡി നടത്തിയ റെയ്ഡുകളില്‍ 95 ശതമാനവും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയായിരുന്നു, അതില്‍ മിക്കതും കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യം വെച്ചതായിരുന്നു.

 

 

पिछले 9 सालों में ED ने जो रेड की हैं उसमें 95% विपक्षी नेता हैं, और सबसे ज़्यादा कांग्रेस नेताओं के ख़िलाफ़ है।

रायपुर में कांग्रेस महाधिवेशन के पहले मोदी सरकार द्वारा ED का दुरपयोग कर छत्तीसगढ़ के हमारे कांग्रेस नेताओं पर छापा मारना, भाजपा की कायरता को दर्शाता है।

1/2

— Mallikarjun Kharge (@kharge) February 20, 2023

ഇ.ഡിയെ ദുരുപയോഗം ചെയ്ത് ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യം വെച്ച് മോദി സര്‍ക്കാര്‍ നടത്തുന്ന റെയ്ഡ് റായ്പൂരിലെ കോണ്‍ഗ്രസ് സമ്മേളനത്തെ തകര്‍ക്കാനാണ്. ഇത് ബി.ജെ.പിയുടെ ഭീരുത്വമാണ് തുറന്നുകാണിക്കുന്നത്,’ ഖാര്‍ഗെ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്ര വിജയകരമായതോടെ കോണ്‍ഗ്രസ് ഭയപ്പെട്ടെന്നും, അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തിയുള്ള ഭീഷണിയില്‍ കോണ്‍ഗ്രസ് വീണുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ ഭീരുത്വം നിറഞ്ഞ ഭീഷണികളില്‍ ഞങ്ങള്‍(കോണ്‍ഗ്രസ്) പതറിപ്പോകില്ല. ഭാരത് ജോഡോ യാത്രയുടെ വലിയ വിജയം കാരണം, ബി.ജെ.പിയുടെ ഒരു അസ്വസ്ഥത ദൃശ്യമാണ്.

മോദിക്ക് സത്യസന്ധതയുടെ ഒരു കണികയെങ്കിലും ഉണ്ടെങ്കില്‍, വന്‍ കുംഭകോണങ്ങള്‍ക്കെതിരെ ഇ.ഡിയെ തിരിക്കൂ. നിങ്ങളുടെ ‘ഉറ്റ സുഹൃത്ത്’ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമം നടത്തുമ്പോള്‍ ഞങ്ങള്‍ ശക്തമായി നേരിടും,’ ഖാര്‍ഗെ പറഞ്ഞു.