national news
ഇപ്പോഴുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അബദ്ധത്തില്‍ രൂപീകരിക്കപ്പെട്ടത്, എപ്പോള്‍ വേണമെങ്കിലും വീഴാം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 15, 04:57 am
Saturday, 15th June 2024, 10:27 am

ന്യൂ ദല്‍ഹി: കേന്ദ്രത്തില്‍ സഖ്യസര്‍ക്കാര്‍ അബദ്ധത്തില്‍ രൂപീകരിച്ചതാണെന്നും എപ്പോള്‍ വേണമെങ്കിലും വീഴാമെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടായിരുന്നു ഖാര്‍ഗെയുടെ പ്രസ്താവന.

അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍, ബി.ജെ.പി 240 സീറ്റുകളാണ് നേടിയത്, ഭൂരിപക്ഷമായ 272ല്‍ താഴെയായതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടിക്ക് സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്നു.

‘എന്‍.ഡി.എ സര്‍ക്കാര്‍ അബദ്ധത്തില്‍ രൂപീകരിച്ചതാണ്. ജനവിധി മോദിജിക്ക് എതിരാണ്. ഇതൊരു ന്യൂനപക്ഷ സര്‍ക്കാരാണ്. ഈ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴാം. തത്കാലം ഇത് തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്തിനെ ശക്തിപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം.

പക്ഷേ, ഒരു കാര്യവും നല്ല രീതിയില്‍ തുടരാന്‍ അനുവദിക്കാത്തയാളാണ് നമ്മുടെ പ്രധാനമന്ത്രി. അതാണ് അദ്ദേഹത്തിന്റെ ശീലം, പക്ഷേ രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഏതൊരു തീരുമാനവുമായും ഞങ്ങള്‍ സഹകരിക്കും,’ ഖാര്‍ഗെ പറഞ്ഞു.

പ്രധാനമന്ത്രി മോദിക്കും സഖ്യ സര്‍ക്കാരിനുമെതിരെയുള്ള ഖാര്‍ഗെയുടെ പരിഹാസത്തിനെ എന്‍.ഡി.എ സഖ്യകക്ഷികള്‍ വിമര്‍ശിച്ചു. എന്‍.ഡി.എയുടെ സഖ്യക്ഷികളെല്ലാം ഖാര്‍ഗെക്കെതിരെ സംസാരിച്ചപ്പോള്‍ ആര്‍.ജെ.ഡി വക്താവ് ഇജാസ് അഹമ്മദ് ഖാര്‍ഗെക്ക് പിന്തുണയുമായി രംഗത്തെത്തി. ‘ഖാര്‍ഗെ പറഞ്ഞത് ശരിയാണ്. ജനവിധി മോദി സര്‍ക്കാരിനെതിരായിരുന്നു. എല്ലാ വോട്ടര്‍മാരും അദ്ദേഹത്തെ അനുകൂലിക്കുന്നില്ല. എന്നിട്ടും അദ്ദേഹം അധികാരത്തിലെത്തി,’ ഇജാസ് അഹമ്മദ് പറഞ്ഞു.

Content Highlight: Mallikarjun Kharge saying that NDA government can fall anytime