പാട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുജ്റ പരാമര്‍ശം ബീഹാറിന് തന്നെ അപമാനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നരേന്ദ്ര മോദി മുജ്റ വാക്കുകള്‍ ഉപയോഗിച്ച് ബീഹാറിനെ അപമാനിച്ചുവെന്ന് ഖാര്‍ഗെ പറഞ്ഞു.
സസാരം ലോക്സഭാ മണ്ഡലത്തില്‍ മഹാഗത്ബന്ധന്‍ സ്ഥാനാര്‍ത്ഥിയായ മനോജ് കുമാറിന്റെ പ്രചരണ റാലിയില്‍ സംസാരിക്കവെയാണ് ഖാര്‍ഗെയുടെ വിമര്‍ശനം.
ഇന്ത്യാ സഖ്യം മുസ്‌ലിം വോട്ടിനായി കഷ്ടപെടുകയാണെന്നും അവരെ സന്തോഷിപ്പിക്കാനായി നേതാക്കള്‍ മുജ്‌റ നൃത്തമാടുകയാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് ഖാര്‍ഗെ രംഗത്തെത്തിയത്. ബീഹാറിലെ പ്രചരണത്തിനിടെയായിരുന്നു മോദിയുടെ വിദ്വേഷ പരാമര്‍ശം.
പ്രധാനമന്ത്രി ഒരു സ്വേച്ഛാധിപതിയാണ്. മോദി ഒരു തവണ കൂടി പ്രധാനമന്ത്രിയായാല്‍ രാജ്യത്ത് ആര്‍ക്കും ഒന്നും സംസാരിക്കാന്‍ കഴിയില്ലെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. പാവപെട്ടവരെയല്ല പണക്കാരെയാണ് മോദി എപ്പോഴും ചേര്‍ത്തുപിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദി സ്വയം വിചാരിക്കുന്നത് അദ്ദേഹം മഹത്തായതും അധികാരമുള്ളതുമായ ആളാണെന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങളാണ് രാജ്യത്ത് ഏറ്റവും വലിയ അധികാരം കൈയ്യാളുന്നവരെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടിസ്ഥാനപരമായി മോദിയും ജനങ്ങളും തമ്മിലുള്ള പോരാട്ടമാണ്. അല്ലാതെ രാഹുലും മോദിയും തമ്മിലുള്ളതല്ലെന്നും ഖാര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയെ താന്‍ ബഹുമാനിക്കുന്നുണ്ടെന്നും എന്നാല്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് മോദി ബഹുമാനം നല്‍കുന്നില്ലെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
മോദിയുടെ പരാമര്‍ശത്തിനെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഒരു പ്രധാനമന്ത്രിയും ഇത്തരമൊരു ഭാഷ ഉപയോഗിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. പ്രധാനമന്ത്രി പദവിയുടെ മാന്യത നിലനിര്‍ത്തേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമല്ലേ എന്നും പ്രിയങ്ക ചോദിച്ചു.
മുജ്റ നൃത്തരൂപം മുഗള്‍ ഭരണകാലത്ത് രൂപംകൊണ്ട ഒന്നാണെന്നാണ് പറയപ്പെടുന്നത്. സ്ത്രീകളാണ് ഈ നൃത്തം കൂടുതലായും അവതരിപ്പിക്കുന്നത്.
Content Highlight: Mallikarjun Kharge said that Narendra Modi’s Mujra remark is an insult to Bihar itself