ന്യൂദല്‍ഹി: മഹാരാഷ്ട്ര കര്‍ഷകരുടെ ഏറ്റവും വലിയ ശത്രു ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം കൈയാളുന്ന ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനെ താഴെയിറക്കിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് പ്രയോജനമുണ്ടാകുള്ളൂവെന്നും ഖാര്‍ഗെ പറഞ്ഞു.
ബി.ജെ.പിയെ താഴെയിറക്കുക എന്നതാണ് സംസ്ഥാനത്തെ കര്‍ഷകരുടെ ലക്ഷ്യമെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഇതുവരെ നല്‍കിയിട്ടുള്ള മുഴുവന്‍ വാഗ്ദാനങ്ങളും പൊള്ളയാണെന്നും ഖാര്‍ഗെ പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ ധനസഹായം വെട്ടിക്കുറച്ചത് മൂലം 20,000 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയെ വരള്‍ച്ചരഹിത സംസ്ഥാനമാക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഒരു ആയുധം മാത്രമായിരുന്നെന്നും ഖാര്‍ഗെ വിമര്‍ശനം ഉയര്‍ത്തി.
ദിനംപ്രതി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 8000 കോടി രൂപയോളം നല്‍കാന്‍ തീരുമാനിച്ചുവെന്നും ഖാര്‍ഗെ പറഞ്ഞു. ഉള്ളി ഉള്‍പ്പെടെയുള്ള വിളകളുടെ കയറ്റുമതി നിരോധിച്ചതിനെതിരെയും ഖാര്‍ഗെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ശിവസേന-ബി.ജെ.പി-എന്‍.സി.പി സഖ്യം വലിയ തിരിച്ചടി നേരിട്ടിരുന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തോല്‍വിയില്‍ രാജി സന്നദ്ധത വരെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ഉള്ളി കര്‍ഷകരുടെ വോട്ട് ബി.ജെ.പി സഖ്യത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ അഭിസംബോധന ചെയ്യാത്ത സാഹചര്യത്തില്‍ കൂടിയാണ് ഖാര്‍ഗെയുടെ വിമര്‍ശനം.
സംസ്ഥാനത്ത് കരിമ്പ്, പരുത്തി എന്നീ വിളകളുടെ ഉദ്പാദനവും കാര്യമായി കുറഞ്ഞിട്ടുണ്ട്. പാല്‍ സഹകരണ സംഘങ്ങള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയിരിക്കുന്നത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ 20ന് നടക്കും. 288 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ഷന്‍ തീയതി പ്രഖ്യാപിച്ചത്.
ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി, ബി.ജെ.പിയും അടങ്ങുന്ന ഭരണകക്ഷിയായ മഹായുതി സഖ്യവും കോണ്‍ഗ്രസ്, ശിവസേന (യു.ബി.ടി), എന്‍.സി.പി എസ്.പി അടങ്ങുന്ന മഹാ അഘാഡി സഖ്യവുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
Content Highlight: Mallikarjun Kharge said that BJP is the biggest enemy of Maharashtra farmers