| Monday, 20th May 2024, 8:55 pm

പത്തുവര്‍ഷം മോദി ഒന്നും ചെയ്തില്ല, എല്ലാ മേഖലയിലും പരാജയം; ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും: ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പത്തുവര്‍ഷം അധികാരത്തിലിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി ഒന്നും ചെയ്തില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എന്നാല്‍ ജനങ്ങള്‍ക്കായി എന്തൊക്കെയോ ചെയ്തിട്ടുണ്ടെന്ന് മോദിക്ക് ബോധിപ്പിക്കാന്‍ കഴിഞ്ഞുവെന്നും ഖാര്‍ഗെ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് ഖാര്‍ഗെയുടെ പരാമര്‍ശം.

മോദി പല വിഷയങ്ങളും ബോധിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം ഇന്ത്യയില്‍ വലുതായൊന്നും ചെയ്തിട്ടില്ല എന്ന് നമുക്ക് മനസിലാക്കാവുന്നതാണെന്നന്നും ഖാര്‍ഗെ പറഞ്ഞു.

വലിയ വ്യവസായങ്ങള്‍, നിക്ഷേപങ്ങളിലെ വര്‍ധന, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയവയെല്ലാം മോദിയുടെ ഗ്യാരന്റികള്‍ ആയിരുന്നു. പക്ഷെ ഇക്കാലയളവില്‍ തൊഴിലില്ലായ്മ രാജ്യത്ത് കൂടുകയാണ് ഉണ്ടായതെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

മോദിയുടെ ഗ്യാരന്റികള്‍ക്കിടയില്‍ രാജ്യത്ത് വന്‍ വിലക്കയറ്റമുണ്ടായി. ഇത്തരത്തില്‍ എല്ലാ മേഖലകളും മോദി ഭരണത്തെ തുടര്‍ന്ന് തകര്‍ന്നതായി ഖാര്‍ഗെ പ്രതികരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഇതെല്ലം തിരിച്ചുപിടിക്കാനുള്ള കൂടുതല്‍ ശ്രമങ്ങള്‍ നടത്തുകയാണ് ചെയ്തത്. കര്‍ണാടകയും തെലങ്കാനയും അതിന് ഉദാഹരണമാണ്. അതില്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം രൂപീകരിച്ചതും വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. അതിനുള്ള ഉദാഹരണമാണ് തമിഴ്നാടും മഹാരാഷ്ട്രയും.

ഇവിടെയെല്ലാം സഖ്യരൂപീകരണത്തിലൂടെ മോദി ഇല്ലാതാക്കിയ കാര്യങ്ങള്‍ തിരിച്ചുപിടിക്കാനുള്ള തങ്ങളുടെ ശ്രമം മികച്ച രീതിയില്‍ നടക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.

ഇന്ത്യാ സഖ്യം ബി.ജെ.പിയെയും മോദിയെയും പരാജയപ്പെടുത്തും. തെരഞ്ഞെടുപ്പില്‍ എത്ര സീറ്റുകള്‍ ലഭിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. എന്നാല്‍ 272നേക്കാള്‍ കൂടുതലും 300 സീറ്റ് മറികടക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായി ആശയവിനിമയം നടത്തുന്നില്ലെന്നും പ്രതികരിക്കുന്നില്ലെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ അനാസ്ഥ സുപ്രീം കോടതി മനസിലാക്കിയെന്നും എന്തുകൊണ്ട് തെരഞ്ഞെടുപ്പിന് ശേഷം ഖാര്‍ഗെ കമ്മീഷനോട് ആവശ്യപ്പെട്ട ഡാറ്റകള്‍ നല്‍കാന്‍ കഴിയില്ലെന്നും കോടതി ചോദിച്ചതായി ഖാര്‍ഗെ വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒരു വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അതില്‍ സ്വയം പ്രതികരിക്കാനും തങ്ങളുടെ ഭാഗം പറയാനും കമ്മീഷന് ഉത്തരവാദിത്തമുണ്ടെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

തീര്‍ച്ചയായും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം വിജയിക്കും. വിജയം ഭൂരിപക്ഷത്തോടെയായിരിക്കും. കോണ്‍ഗ്രസ് ഇന്ത്യയുടെ എല്ലായിടത്തും ഉണ്ട്. പാര്‍ട്ടിയുടെ പ്രവര്‍ത്തനം മികച്ചതാണ്.

മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും ജനാധിപത്യത്തോടെ ചേര്‍ത്തുനിര്‍ത്തിയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. തെക്കേ ഇന്ത്യയില്‍ മാത്രമല്ല വടക്കേ ഇന്ത്യയിലും ഇന്ത്യാ സഖ്യം മികച്ച വിജയം നേടുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

മോദി എത്ര പറഞ്ഞാലും കോണ്‍ഗ്രസ് ഭിന്നിപ്പിന്റെ രാഷ്ട്രീയം പറയില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മതം പറഞ്ഞുള്ള രാഷ്ട്രീയമാണ് ബി.ജെ.പിയുടേതെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് എല്ലാ മതസ്ഥരെയും എല്ലാ വിശ്വാസങ്ങളെയും മൂല്യങ്ങളെയും ഉള്‍ക്കൊള്ളുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.

Content Highlight: Mallikarjun Kharge said Narendra Modi has done nothing for the country despite being in power for ten years

We use cookies to give you the best possible experience. Learn more