'ഞങ്ങളുടെ പോരാട്ടം ബി.ജെ.പിക്കെതിരെ മാത്രമല്ല, ഇ.ഡിയേയും സി.ബി.ഐയേയുമൊക്കെ അതിജീവിക്കേണ്ട അവസ്ഥയാണ്'
national news
'ഞങ്ങളുടെ പോരാട്ടം ബി.ജെ.പിക്കെതിരെ മാത്രമല്ല, ഇ.ഡിയേയും സി.ബി.ഐയേയുമൊക്കെ അതിജീവിക്കേണ്ട അവസ്ഥയാണ്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd September 2023, 4:24 pm

ജയ്പൂര്‍: രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ പോരാട്ടം ബി.ജെ.പിക്കെതിരെ മാത്രമല്ലെന്നും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള അന്വേഷണ ഏജന്‍സികളെ കൂടി നേരിടേണ്ട അവസ്ഥയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ തങ്ങളുടെ എന്തെങ്കിലും പരിപാടികളുള്ള പ്രത്യേക ദിവസങ്ങളില്‍ ഇ.ഡി പോലുള്ള അന്വേഷണ ഏജന്‍സികളുടെ റെയ്ഡ് പ്രതീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

രാജസ്ഥാനിലെ ജയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖാര്‍ഖെ.

‘ഞങ്ങളുടെ പോരാട്ടം ബി.ജെ.പിക്കെതിരെ മാത്രമല്ല. ഇ.ഡിയെയും സി.ബി.ഐയെയും ആദായ നികുതിയേയും ഞങ്ങള്‍ക്ക് അതിജീവിക്കേണ്ടതുണ്ട്. അവര്‍ക്ക് തോന്നുമ്പോഴൊക്കെ ഇ.ഡിയെ വിട്ടയക്കും. ഞങ്ങളുടെ മീറ്റിങ്ങുകളോ മറ്റെന്തെങ്കിലും പരിപാടികളോ ഉള്ളപ്പോഴെല്ലാം റെയ്ഡുമായി അന്വേഷണ ഏജന്‍സികള്‍ വരും,’ ഖാര്‍ഖെ പറഞ്ഞു.

പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാത്തിനെയും ഖാര്‍ഖെ വിമര്‍ശിച്ചു. അതിന്റെ കാരണം രാഷ്ട്രപതിയുടെ ജാതിയാണെന്നും രാഷ്ട്രപതിയെ അപമാനിച്ചാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പോലും അവര്‍ ക്ഷണിച്ചില്ല. അവര്‍ സിനിമാ മേഖലയില്‍ നിന്നുള്ള ആളുകളെ വിളിച്ചു. എന്തുകൊണ്ടാണ് നിങ്ങള്‍ പ്രസിഡന്റ് മുര്‍മുവിനെ ക്ഷണിക്കാത്തത്? അവര്‍ രാഷ്ട്രപതിയാണ്. രാഷ്ട്രപതിയെ അപമാനിച്ചില്ലേ.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടല്‍ ചടങ്ങില്‍ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിച്ചില്ലേ. കാരണം അദ്ദേഹം ബി.ജെ.പിക്ക് തൊട്ടുകൂടാത്തയാളാണ്.
പാര്‍ലമെന്റിന് അടിത്തറയിട്ടത് ഒരു ‘അയിത്തജാതി’ ആയിരുന്നുവെങ്കില്‍, അവര്‍ അത് ‘ഗംഗാജല്‍’ കൊണ്ട് കഴുകുമായിരുന്നു. ഇതൊക്കെയാണ് ഇവരുടെ ബോധം,’ ഖാര്‍ഖെ പറഞ്ഞു.

Content Highlight: Mallikarjun Kharge’s speech in Jaipur. Rajasthan: