ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് മേൽനോട്ട ചുമതല ഉള്ളതിനാലാണ് തീരുമാനം.
കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ ഖാര്‍ഗെ മത്സരിക്കണമെന്ന് കര്‍ണാടക പി.സി.സിയില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ താന്‍ മത്സരിക്കാനില്ലെന്നാണ് ഖാര്‍ഗെയുടെ നിലപാടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇത്തവണ ഖാര്‍ഗെ മത്സരിക്കേണ്ടന്നാണ് ഹൈക്കമാന്‍ഡിന്റെയും തീരുമാനം.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കേണ്ട അടിയന്തര സാഹചര്യം ഉണ്ടായി. അതോടൊപ്പം പാര്‍ട്ടി അധ്യക്ഷന്‍ കൂടെ മത്സരത്തിലേക്ക് ഇറങ്ങിയാല്‍ തെരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് തടസ്സമാകും എന്നാണ് തീരുമാനത്തിൽ ഹൈക്കമാന്‍ഡ് നല്‍കുന്ന വിശദീകരണം.
ഖാര്‍ഗെ ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ വിജയിച്ചെങ്കിലും 2019 ല്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ 2019ലെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോള്‍ ഗുല്‍ബര്‍ഗയിലെന്നും കോണ്‍ഗ്രസ് അവിടെ വിജയിക്കുമെന്നുമാണ് കര്‍ണാടക പി.സി.സി അവകാശപ്പെടുന്നത്.
അതിനിടെ, 62 സീറ്റുകളിലേക്കുള്ള കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നുണ്ട്. മധ്യപ്രദേശില്‍ കമല്‍നാഥ് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും സാധ്യതയില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Content Highlight: Mallikarjun Kharge May Skip Lok Sabha Contest