ചൈന ഭൂമി കൈയ്യേറുമ്പോള്‍ കേദാര്‍നാഥിലെ ഗുഹയില്‍ പോയതുപോലെ മൗനത്തിലാണ്, പി.എം കെയര്‍ ഫണ്ടിന്റെ കണക്കെവിടെ; മോദിയെ സഭയിലിരുത്തി ഖാര്‍ഗെയുടെ പ്രസംഗം
India
ചൈന ഭൂമി കൈയ്യേറുമ്പോള്‍ കേദാര്‍നാഥിലെ ഗുഹയില്‍ പോയതുപോലെ മൗനത്തിലാണ്, പി.എം കെയര്‍ ഫണ്ടിന്റെ കണക്കെവിടെ; മോദിയെ സഭയിലിരുത്തി ഖാര്‍ഗെയുടെ പ്രസംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd February 2022, 10:31 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ചൈന ഭൂമി കൈയ്യേറുമ്പോള്‍ കേദാര്‍നാഥിലെ ഗുഹയില്‍ പോയത് പോലെ മോദി മൗനത്തിലാണെന്ന് പറഞ്ഞ ഖാര്‍ഗെ
പി.എം കെയര്‍ ഫണ്ട് ജനങ്ങളുടെ പണമാണെന്നും അതിന് കണക്ക് പറയണമെന്നും ആവശ്യപ്പെട്ടു.

വിമര്‍ശനം കടുത്തതോടെ ഭരണപക്ഷത്തുള്ള എം.പിമാര്‍ ബഹളം വെച്ചെങ്കിലും നിര്‍ത്താതെ ഒരു മണിക്കൂറോളം ഖാര്‍ഗെ പ്രസംഗം തുടര്‍ന്നു. ഖാര്‍ഗെയുടെ പ്രസംഗം അവസാനിച്ചതോടെ മോദി സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

‘2014 മുതല്‍ വര്‍ഷം തോറും രണ്ട് കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മോദി പറയുന്നത് കേട്ട് യുവാക്കള്‍ കൈയ്യടിക്കുകയായിരുന്നു. അതു പാലിച്ചിരുന്നെങ്കില്‍ 15 കോടി പേര്‍ക്ക് ഇതിനകം തൊഴില്‍ ലഭിക്കേണ്ടതാണ്.

എന്നാല്‍ രണ്ട് കോടിയിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമാവുകയാണ് ചെയ്തത്. 2013 ല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ചൈനയോട് ചുവന്ന കണ്ണുകള്‍ കാണിക്കാന്‍ ഞങ്ങളോട് നിര്‍ദേശിച്ച മോദി ഇപ്പോള്‍ ചൈനയെ കുറിച്ച് കേദാര്‍നാഥിലെ ഗുഹയില്‍ പോയതുപോലെ മൗനവൃതത്തിലാണ്,’ ഖാര്‍ഗെ പറഞ്ഞു

‘ചൈന നമ്മുടെ ഭൂമി കൈയ്യേറിയിട്ടും പാലങ്ങളും താമസസ്ഥലങ്ങളും നിര്‍മിച്ചിട്ടും എന്തേ കേന്ദ്രസര്‍ക്കാര്‍ ചുവന്ന കണ്ണുകള്‍ കാണിച്ചില്ല. ജമ്മു- കശ്മീരില്‍ 37ാം വകുപ്പ് റദ്ദാക്കിയത് വലിയ നേട്ടമായി അവതരിപ്പിക്കുകയാണ്. എന്നാല്‍ അതിനു ശേഷം ജമ്മു-കശ്മീരില്‍ 500 ഭീകരാക്രമണങ്ങളാണ് നടന്നത്.

യു.പി.എയുടെ പിടിപ്പുകേടിന്റെ സ്മാരകമാണെന്ന് മോദി പരിഹസിച്ച തൊഴിലുറപ്പ് പദ്ധതിയാണ് കൊവിഡ് കാലത്ത് കേന്ദ്രസര്‍ക്കാരിന്റെ മാനം കാത്തത്. എന്നാല്‍ ഒരു ദിവസം 200 രൂപ വീതം 1,80,000 കോടി തൊഴിലുറപ്പിന് വകയിരുത്തേണ്ട സ്ഥാനത്ത് ബജറ്റില്‍ 75,000 കോടി രൂപ മാത്രമാണ് അനുവദിച്ചത്. പി.എം കെയര്‍ ഫണ്ട് താങ്കളുടെ പണമല്ല. ജനങ്ങളുടെ പണമാണ്. അതിന് കണക്ക് പറഞ്ഞേ മതിയാകൂ,’ അദ്ദേഹം പറഞ്ഞു.


Content Highlight: mallikarjun kharge criticizing modi on india china border case and pm care fund