| Thursday, 9th February 2023, 8:45 am

നിങ്ങള്‍ മൗനി ബാബയായതാണ് രാജ്യം ഇത്ര അധ:പതിക്കാന്‍ കാരണം; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബി.ജെ.പി രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുകയാണെന്നും മോദി മൗനി ബാബയെ പോലെ മിണ്ടാതിരിക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.

രാജ്യസഭയില്‍ വെച്ച് പ്രധാനമന്ത്രിയോട് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രതിപക്ഷ നേതാവിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്ന് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. എന്നാല്‍ എങ്ങനെ സംസാരിക്കണമെന്ന് തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷത്തിന് മാത്രമല്ല ഇരുപക്ഷത്തിനും നല്‍കണമെന്നുമായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.

88 മിനിറ്റോളമായിരുന്നു ഖാര്‍ഗെയുടെ പ്രസംഗം.

ബി.ജെ.പി നേതാക്കള്‍ ഹിന്ദു മുസ്‌ലിം ഭിന്നത വര്‍ധിപ്പിക്കുന്നത് എന്തിനാണെന്നും മറ്റൊന്നും അവര്‍ക്ക് സംസാരിക്കാനറിയില്ലേ എന്നും ഖാര്‍ഗെ ചോദിച്ചു. മതത്തിന്റേയും ജാതിയുടേയും ഭാഷയുടേയും പേരിലുള്ള വിദ്വേഷമാണ് രാജ്യത്തെങ്ങുമുള്ളത്. ഇതുകൊണ്ടാണ് ഇന്ത്യ ഒന്നിക്കൂ എന്ന ആശയവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതെന്നും വിദ്വേഷം പടര്‍ത്തുമ്പോള്‍ മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ഖാര്‍ഗെ ചോദിച്ചു.

‘എല്ലാവരേയും പേടിപ്പിക്കാന്‍ മിടുക്കനാണല്ലോ. പിന്നെ എന്തുകൊണ്ടാണ് സ്വന്തം പാര്‍ട്ടിയിലെ വിദ്വേഷ പ്രചാരകരായ നേതാക്കളെ പേടിപ്പിക്കാത്തത്? വിദ്വേഷ പ്രചാരകരുടെ നേര്‍ക്ക് താങ്കളുടെ ഒരു നോട്ടം മാത്രം മതി, പിന്നെ അടുത്ത തവണ തനിക്ക് ടിക്കറ്റ് കിട്ടില്ലെന്ന് കരുതി അപ്പോള്‍ തന്നെ വിദ്വേഷം നിര്‍ത്തിക്കോളും.

എന്നാല്‍ താങ്കള്‍ ഇതെല്ലാം കണ്ടും കേട്ടും മൗനം ഭാവിക്കുകയാണ്. നിങ്ങള്‍ മൗനി ബാബയാകുന്നത് കാരണമാണ് രാജ്യം ഇന്ന് ഈ അവസ്ഥയിലായത്,’ ഖാര്‍ഗെ പറഞ്ഞു.

സഭയ്ക്കകത്തും പുറത്തും എല്ലാ നേതാക്കന്മാര്‍ക്കും ഹിന്ദു മുസ്‌ലിം എന്ന് മാത്രമേ പറയാനുള്ളൂവെന്നും മറ്റ് വിഷയമൊന്നും ലഭിക്കുന്നില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

വിദ്വേഷം മുസ്‌ലിങ്ങളെയും കടന്ന് ക്രിസ്ത്യാനികളിലേക്കും എത്തിയിട്ടുണ്ട്. പട്ടികജാതിക്കാര്‍ ക്ഷേത്രങ്ങളില്‍ കയറുന്നതിന് വിലക്കാണ്. യഥാര്‍ത്ഥത്തില്‍ പട്ടികജാതിക്കാരെ ഹിന്ദുക്കളായി അംഗീകരിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തില്‍ കയറാന്‍ അവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് എന്തിനാണെന്നും ഖാര്‍ഗെ ചോദിച്ചു. പട്ടികജാതിക്കാരെ ഹിന്ദുക്കളായി കണക്കാക്കുന്നുണ്ടെങ്കില്‍ നേതാക്കള്‍ അവരുടെ വീടുകളില്‍ കയറി ഭക്ഷണം കഴിക്കുമ്പോള്‍ മെനു ഉള്‍പ്പെടെ എല്ലാം വാര്‍ത്ത നല്‍കേണ്ടതിന്റെ ആവശ്യമെന്താണെന്നും ഖാര്‍ഗെ ചോദിച്ചു.

അദാനി വിഷയത്തെക്കുറിച്ചും ഖാര്‍ഗെ പരാമര്‍ശിച്ചു. അദാനി ഗ്രൂപ്പിന്റെ വളര്‍ച്ചക്ക് വേണ്ടി എല്‍.ഐ.സിയും എസ്.ബി.ഐയും 82,000 കോടി രൂപ വരെ അദാനിക്ക് വായ്പ നല്‍കിയിട്ടുണ്ട്. ഗുജറാത്തില്‍ ഒരു കര്‍ഷകന് 31 പൈസ കുടിശ്ശികയുള്ളതിനാല്‍ കുടിശ്ശിക സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

2014ല്‍ അദാനിയുടെ ആകെ സ്വത്ത് 50,000 കോടിയായിരുന്നു. 2019ല്‍ അത് ഒരു ലക്ഷം കോടിയായി. മൂന്ന് വര്‍ഷം കൊണ്ട് കോടികള്‍ കൂടാന്‍ മാത്രം എന്ത് മാജിക്കാണ് നടന്നത്? 2022 ല്‍ ഇത് 12 ലക്ഷം കോടിയാണ്. സര്‍ക്കാരിന് അദാനിയുമായുള്ള വഴിവിട്ട സൗഹൃദം തന്നെയല്ലേ ഇതിനൊക്കെ പിന്നിലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Content Highlight: Mallikarjun kharge calls Modi Mauni baba

We use cookies to give you the best possible experience. Learn more