ന്യൂദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യാ മുന്നണിയുടെ ചെയര്‍പേഴ്‌സണായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) നേതാവുമായ നിതീഷ് കുമാര്‍ മുന്നണിയുടെ കണ്‍വീനറായും തെരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നടന്ന വെര്‍ച്വല്‍ യോഗത്തിലാണ് ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പറഞ്ഞുകൊണ്ട് നിതീഷ് കുമാര്‍ കണ്‍വീനര്‍ സ്ഥാനം നിരസിച്ചതായി യോഗത്തില്‍ പങ്കെടുത്ത ജെ.ഡി.യു നേതാവ് സഞ്ജയ് ഝാ പറഞ്ഞു. എല്ലാ കക്ഷികളും ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ താന്‍ ഈ വേഷം സ്വീകരിക്കുകയുള്ളൂവെന്ന് നിതീഷ് കുമാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യത്തിന്റെ കണ്‍വീനറായി ജെ.ഡി.യു ആഗ്രഹിച്ചിരുന്നുവെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് ഈ ആവശ്യത്തെ എതിര്‍ത്തിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ആഴചകളോളമായി ഇന്ത്യാ സഖ്യത്തിലെ പദവികളെ ചൊല്ലി പ്രതിപക്ഷ പാര്‍ട്ടികളില്‍ തര്‍ക്കം നിലനിന്നിരുന്നു. വെര്‍ച്വല്‍ യോഗത്തില്‍ സമാജ്വാദി പാര്‍ട്ടിയുടെ അധ്യക്ഷന്‍ അഖിലേഷ് യാദവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ മമത ബാനര്‍ജിയും പങ്കെടുത്തില്ല. എന്നാല്‍ യോഗത്തിലെ തീരുമാനം ഇരുവരെയും അറിയിക്കുമെന്നും നേതൃത്വം അറിയിച്ചു.
ഭാരത് ജോഡോ ന്യായ് യാത്രയിലെ പങ്കാളിത്തം, സീറ്റുകളുടെ വിഭജനം, സഖ്യവുമായി ബന്ധപ്പെട്ട മറ്റ് പ്രധാന വിഷയങ്ങള്‍ എന്നിവ വിശകലനം ചെയ്യുന്നതിനും യോഗം ശ്രദ്ധ നല്‍കിയതായി പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
എന്‍.എസ്.പി നേതാവായ ശരത് പവാര്‍, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന്‍, രാജ്യസഭാ എം.പിയും, ഡി.എം.കെ. നേതാവുമായ കനിമൊഴി കരുണാനിധിയും വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്തു.
Content Highlight: Mallikarjun Kharge as Chairperson of India Alliance