ജനങ്ങളുടെ വിജയമെന്ന് ഖാര്‍ഗെ; വിജയിച്ചത് ഭരണഘടനയെന്ന് രാഹുല്‍, ഭാവി പരിപാടികള്‍ നാളെ തീരുമാനിക്കും
national news
ജനങ്ങളുടെ വിജയമെന്ന് ഖാര്‍ഗെ; വിജയിച്ചത് ഭരണഘടനയെന്ന് രാഹുല്‍, ഭാവി പരിപാടികള്‍ നാളെ തീരുമാനിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2024, 6:19 pm

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചുവരവില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിനുണ്ടായ വിജയം പ്രതികൂലമായ സാഹചര്യത്തില്‍ ആണെന്ന് ഖാര്‍ഗെ പറഞ്ഞു. ഇത് ജനങ്ങളുടെ വിജയമാണെന്നും ഖാര്‍ഗെ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി. ആയതിനാല്‍ തന്നെ ജനങ്ങളുടെ ഈ വിധി നരേന്ദ്ര മോദിക്കെതിരെന്നും ഖാര്‍ഗെ പറഞ്ഞു. ബി.ജെ.പി വോട്ട് തേടിയത് മോദിക്ക് വേണ്ടി മാത്രം. ഫലം ബി.ജെ.പിയുടെ അഹങ്കാരത്തിനുള്ള മറുപടി. രാജ്യത്തിന്റെ പുരോഗതിയും ഉയര്‍ച്ചയും എന്‍.ഡി.എ സഖ്യത്തിന്റെ ലക്ഷ്യത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ ന്യായ് യാത്ര പ്രവര്‍ത്തകര്‍ക്കുള്ള വലിയ ഊര്‍ജ്ജമായി മാറിയെന്നും ഖാര്‍ഗെ പറഞ്ഞു.

തങ്ങളുടെ പോരാട്ടം ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നെന്നും അല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയുള്ള ഒന്നായിരുന്നല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ഭരണഘടനയാണെന്നും രാഹുല്‍ ഗാന്ധി ഊന്നിപ്പറഞ്ഞു. ഭരണഘടനാ ഉയര്‍ത്തികാണിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

നരേന്ദ്ര മോദി പോയപ്പോള്‍ അദാനിയും പോയി. നിങ്ങള്‍ പോയി അദാനിയുടെ സ്റ്റോക്ക് നോക്കുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. എന്‍.ഡി.എ സഖ്യത്തിന് പ്രതികൂലമായി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നതിന് പിന്നാലെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ ഇടിവുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം ബി.ജെ.പിക്ക് അനുകൂലമായ എക്‌സിറ്റ് പോളുകള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ കുതിപ്പിന് കാരണമായിരുന്നു.

ജനങ്ങള്‍ മോദിയെയും അദാനിയും ഒരുമിച്ച് ഒരു നൂലില്‍ കെട്ടുകയാണ്. ഇവരുടേത് അഴിമതിയുടെ നേരിട്ടുള്ള ബന്ധം. മോദിയെ വേണ്ടെന്ന് പറഞ്ഞത് രാജ്യത്തെ വോട്ടര്‍മാരാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി. ഭാവി പരിപാടികള്‍ ബുധനാഴ്ച തീരുമാനിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Content Highlight: Mallikarjun Kharge and Rahul Gandhi react to the returns in the Lok Sabha elections