| Tuesday, 5th March 2024, 2:01 pm

ഇലക്ടര്‍ ബോണ്ട് വിശദാംശങ്ങള്‍ കൈമാറാന്‍ സാവകാശം വേണമെന്ന് എസ്.ബി.ഐ സുപ്രീം കോടതിയില്‍; പിന്നില്‍ കേന്ദ്രമെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇലക്ട്രല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്ര്‌സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബി.ജെ.പി സര്‍ക്കാര്‍ ബാങ്കിനെ തങ്ങളുടെ തെറ്റായ ഇടപാടുകള്‍ മറക്കാനുള്ള കവചമായി ഉപയോഗിക്കുകയാണെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി.

‘ ഇലക്ടറല്‍ ബോണ്ട് വഴി ബി.ജെ.പി നടത്തിയ സംശയാസ്പദമായ ഇടപാടുകള്‍ മറച്ചുവെക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനെ മോദി സര്‍ക്കാര്‍ കവചമായി ഉപയോഗിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം
വിശദാംശങ്ങള്‍ കോടതിക്ക് കൈമാറാനാണ് കേന്ദ്ര സര്‍ക്കാര്‍ എസ്.ബി.ഐക്ക് നിര്‍ദേശം നല്‍കിയത്’, ഖാര്‍ഗെ പറഞ്ഞു.

പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ബി.ജെ.പിയാണെന്നും ഖാര്‍ഗെ ആരോപിച്ചു. ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് പകരമായി രാജ്യത്തെ ഹൈവേകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, വൈദ്യുത നിലയങ്ങള്‍ എന്നിവയുടെ കരാറുകള്‍ പ്രധാനമന്ത്രി തന്റെ കോര്‍പറേറ്റ് സുഹൃത്തുക്കള്‍ക്ക് കൈമാറി.

ഇലക്ടറല്‍ ബോണ്ട് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തുടക്കം മുതല്‍ വ്യക്തമായിരുന്നു. എന്നാല്‍ എസ്.ബി.ഐയെ ഉപയോഗിച്ച് മോദി സുപ്രീം കോടതി വിധി അട്ടിമറിക്കുകയാണ് ചെയ്തതെന്നും ഖാര്‍ഗെ പറഞ്ഞു.

ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയം നല്‍കണമെന്നാണ് എസ്.ബി.ഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. എസ്.ബി.ഐയുടെ നീക്കത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചിരുന്നു.

ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള സത്യം അറിയുന്നത് രാജ്യത്തെ ജനങ്ങളുടെ അവകാശമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടും, ആ വിവരങ്ങള്‍ തെരഞ്ഞെടുപ്പിന് മുമ്പ് പരസ്യമാക്കാന്‍ എസ്.ബി.ഐ എന്ത് കൊണ്ടാണ് തയ്യാറാകാത്തതെന്ന് രാഹുല്‍ ചോദിച്ചു.

Contant Highlight: Mallikarjun Kharge against SBI electoral bond move to Lok Sabha polls

We use cookies to give you the best possible experience. Learn more