ക്വിറ്റ് ഇന്ത്യ സമരത്തെ മറന്നവരെ കൊണ്ട് ഓര്‍മിപ്പിച്ചതാണ് 'ഇന്ത്യ'യുടെ വിജയം; മോദിയോട് ഖാര്‍ഗെ
national news
ക്വിറ്റ് ഇന്ത്യ സമരത്തെ മറന്നവരെ കൊണ്ട് ഓര്‍മിപ്പിച്ചതാണ് 'ഇന്ത്യ'യുടെ വിജയം; മോദിയോട് ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th August 2023, 10:24 am

ന്യൂദല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ പരിഹസിച്ച് ക്വിറ്റ് ഇന്ത്യ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 75 വര്‍ഷമായി ക്വിറ്റ് ഇന്ത്യ സമരത്തെ കുറിച്ച് ഓര്‍ക്കാത്തവര്‍ ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുന്നത് തന്നെ ഞങ്ങളുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി മോദിയാണ് നെഗറ്റീവ് പൊളിറ്റിക്‌സ് കളിക്കുന്നതെന്നും ഖാര്‍ഗെ ട്വീറ്റ് ചെയ്തു.

‘പ്രധാനമന്ത്രി മോദീ, ഭിന്നിപ്പിന്റെ നെഗറ്റീവ് പൊളിറ്റിക്‌സ് കഴിഞ്ഞ പത്ത് വര്‍ഷമായി കളിക്കുന്നത് നിങ്ങളാണ്. നിങ്ങളാണ് ഇപ്പോള്‍ ഇന്ത്യക്കെതിരെ കയ്‌പ്പേറിയ വാക്കുകള്‍ പ്രയോഗിക്കുന്നത്.

മൂന്ന് മാസമായി മണിപ്പൂര്‍ കലാപം നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കായിട്ടില്ല. നിങ്ങളുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയം കാരണം സമുദായങ്ങള്‍ തമ്മില്‍ പോരടിക്കുകയാണ്. ഇത് ആഭ്യന്തര യുദ്ധത്തിന് സമാനമായ രീതിയിലേക്ക് മാറി. 150ലധികം പേരാണ് മണിപ്പൂരില്‍ കൊല്ലപ്പെട്ടത്,’ ഖാര്‍ഗെ ട്വീറ്റ് ചെയ്തു.

പതിറ്റാണ്ടുകളായി കലാപങ്ങളൊന്നും നടക്കാത്ത നാടായിരുന്നു ഹരിയാനയെന്നും എന്നാല്‍ മോദി സര്‍ക്കാരും സംഘപരിവാരും ചേര്‍ന്ന് സഹോദരങ്ങളെ തമ്മില്‍ തല്ലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

‘തൊഴിലില്ലായ്മ, പണപ്പെരുപ്പം, സാമ്പത്തിക അസമത്വം, പട്ടിണി, സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലായ്മ, ദളിതരെ അടിച്ചമര്‍ത്തല്‍, സാമൂഹ്യ അനീതി എന്നിവയാണ് നിങ്ങള്‍ പത്ത് വര്‍ഷമായി ഈ രാജ്യത്തിന് വേണ്ടി നല്‍കിയത്. ഇതൊക്കെ അവസാനിപ്പിക്കണം. എന്നാല്‍ അത് നിങ്ങളുടെ സര്‍ക്കാരിന് സാധിക്കില്ല.

ഈ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാതെ പ്രധാനമന്ത്രി ഓരോ ദിവസവും ഉദ്ഘാടന പരിപാടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ പരിപാടികളില്‍ പോയി പ്രതിപക്ഷത്തെ ആക്രമിച്ച് കൊണ്ടിരിക്കുകയാണ്,’ ഖാര്‍ഗെ പറഞ്ഞു.

മോദിയുടെ രാഷ്ട്രീയ പൂര്‍വികര്‍ ബ്രിട്ടീഷ് അധിനിവേശത്തെ പിന്തുണച്ച് കൊണ്ട് ഇന്ത്യക്കാരെ തമ്മിലടിപ്പിച്ചവരാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

‘നിങ്ങളുടെ രാഷ്ട്രീയ പൂര്‍വികര്‍ ബ്രിട്ടീഷ് അധിനിവേശത്തെ പിന്തുണച്ച് കൊണ്ട് ഇന്ത്യക്കാരെ തമ്മിലടിപ്പിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തെയും ത്രിവര്‍ണ പതാകയെയും എതിര്‍ത്തു. ഗാന്ധിയെ വധിക്കുന്ന ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നു. 75 വര്‍ഷം ഓര്‍ക്കാതിരുന്ന ക്വിറ്റ് ഇന്ത്യയെയാണ് ഇപ്പോള്‍ മോദി ഓര്‍മിക്കുന്നത്.

ഇതാണ് ഞങ്ങളുടെ വിജയം. ഇന്ത്യ വിജയിക്കും,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം 508 റെയില്‍വെ സ്റ്റേഷനുകളുടെ പുനര്‍ വികസനത്തിന് തറക്കല്ലിടുന്ന പരിപാടി ഉദ്ഘാടനം ചെയ്യവേയാണ് പ്രതിപക്ഷത്തിനെതിരെ മോദി സംസാരിച്ചത്.

‘ പ്രതിപക്ഷം ഒന്നും ചെയ്യുന്നുമില്ല, മറ്റുള്ളവരെ കൊണ്ട് ഒന്നും ചെയ്യിക്കുന്നുമില്ല. പ്രതിപക്ഷം നെഗറ്റീവ് പൊളിറ്റിക്‌സാണ് കളിക്കുന്നത്.

ക്വിറ്റ് ഇന്ത്യ സമരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അഴിമതിയോടും കുടുംബവാഴ്ചയോടും രാജ്യം ക്വിറ്റ് ഇന്ത്യ എന്ന് പറയുകയാണിപ്പോള്‍,’ എന്നാണ് മോദി പറഞ്ഞത്.

content highlights: MALLIKARJUN KHARGE AGAINST NARENDRA MODI