| Wednesday, 14th June 2023, 11:42 am

ബാലാജിയുടെ അറസ്റ്റ്; മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കല്‍; പ്രതിപക്ഷം ഭയപ്പെടില്ല: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തമിഴ്‌നാട് വൈദ്യുത മന്ത്രി സെന്തില്‍ ബാലാജിയുടെ ഇ.ഡി അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയമാണിതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ബാലാജിയുടെ അറസ്റ്റില്‍ അപലപിക്കുന്നുവെന്നും ഇത് രാഷ്ട്രീയപരമായി ഉപദ്രവിക്കലാണെന്നും ഖാര്‍ഗെ പത്രക്കുറിപ്പില്‍ പറഞ്ഞു.

‘എതിര്‍ക്കുന്നവര്‍ക്കെതിരെയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപദ്രവവും പകപോക്കലുമാണിത്. പ്രതിപക്ഷത്തുള്ള ഞങ്ങളാരും ഇത്തരം ധിക്കാരപരമായ നീക്കങ്ങളില്‍ ഭയപ്പെടില്ല,’ അദ്ദേഹം പറയുന്നു.

റെയ്ഡിന് പിന്നാലെ തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. 2011-15 കാലയളവില്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ മെട്രോ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ചുള്ള കേസിലാണ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ബാലാജിയുടെ അറസ്റ്റില്‍ നേരത്തെ തന്നെ ഡി.എം.കെ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി രാഷ്ട്രീയ എതിരാളികളെ പിന്‍വാതിലിലൂടെ ഭീഷണിപ്പെടുത്തുകയാണെന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞത്.

‘രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാല്‍ നടത്തുന്ന പിന്‍വാതില്‍ ഭീഷണി വിജയം കാണില്ല. അത് അവര്‍ തന്നെ തിരിച്ചറിയുന്ന സമയം അടുത്തിരിക്കുന്നു’, സ്റ്റാലിന്‍ പറഞ്ഞു. അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനം കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് ഇ.ഡി റെയ്ഡെന്നും സ്റ്റാലിന്‍ പറഞ്ഞു.

കടുത്ത മനുഷ്യാവകാശലംഘനമാണ് നടക്കുന്നതെന്ന് ഡി.എം.കെ നേതാവ് ഇളങ്കോയും ബി.ജെ.പി വിരട്ടിയാല്‍ തങ്ങള്‍ പേടിക്കില്ലായെന്ന് യുവജനക്ഷേമ- കായികവികസന മന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
ബാലാജിയുടെ അറസ്റ്റിന് ശേഷം സ്റ്റാലിന്റെ വീട്ടില്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് ബാലാജിയുടെ സെക്രട്ടേറിയേറ്റിലെ ഓഫീസിലും വസതിയിലും റെയ്ഡ് നടന്നത്.

നേരത്തെ ബാലാജിക്ക് ആദായ നികുതി വകുപ്പിന്റെ പരിശോധനയുമുണ്ടായിരുന്നു.

ജയലളിതയുടെ കീഴില്‍ മന്ത്രിയായിരുന്ന ബാലാജി അഴിമതി കേസില്‍ ആരോപണം നേരിട്ടിരുന്നു. പിന്നീട് ഡി.എം.കെയിലേക്ക് എത്തിയ ഇദ്ദേഹത്തിനെതിരെ പൊലീസ്, ഇ.ഡി അന്വേഷണം നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.

CONTENT HIGHLIGHTS: MALLIKARJUN KHARGE AGAINST CENTRAL GOVERNMENT IN BALAJI’S ARREST

We use cookies to give you the best possible experience. Learn more