ദളിത് സമുദായക്കാരിയെ മോദി രാഷ്ട്രപതിയാക്കിയത് തെരഞ്ഞെടുപ്പ് നേട്ടത്തിന്; മുര്‍മുവിനേയും രാംനാഥ് കോവിന്ദിനേയും ക്ഷണിക്കാത്തത് അവഹേളനം: ഖാര്‍ഗെ
national news
ദളിത് സമുദായക്കാരിയെ മോദി രാഷ്ട്രപതിയാക്കിയത് തെരഞ്ഞെടുപ്പ് നേട്ടത്തിന്; മുര്‍മുവിനേയും രാംനാഥ് കോവിന്ദിനേയും ക്ഷണിക്കാത്തത് അവഹേളനം: ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd May 2023, 11:30 am

ന്യൂദല്‍ഹി: സംഘപരിവാര്‍ സൈദ്ധാന്തികനായ വി.ഡി. സവര്‍ക്കറുടെ ജന്മദിനമായ മെയ് 28ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്നതുമായി സംബന്ധിച്ച് നിരവധി പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ഇപ്പോള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിനെ കുറിച്ച് പ്രതികരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

രാഷ്ട്രപതിയെ ദളിത് സമുദായത്തില്‍ നിന്ന് തെരഞ്ഞെടുത്തത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വേണ്ടി മാത്രമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിക്കാത്തതും അദ്ദേഹം വിമര്‍ശിച്ചു.

‘തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വേണ്ടി മാത്രമാണ് മോദി ദളിത് സമുദായത്തില്‍ നിന്നും രാഷ്ട്രപതിയെ തെരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ടാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതും.

ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപതി മുര്‍മുവിനെയും ക്ഷണിച്ചില്ല. റിപ്പബ്ലിക് ഇന്ത്യയുടെ പരമോന്നത നിയമനിര്‍മാണ സ്ഥാപനമാണ് പാര്‍ലമെന്റ്. പാര്‍ലമെന്റിന്റെ പരമാധികാരം രാഷ്ട്രപതിക്കാണ്.

അവരാണ് രാജ്യത്തിന്റെ പ്രഥമ പൗര. അവരാണ് സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും രാജ്യത്തിന്റെ മുഴുവന്‍ ജനതയെയും പ്രതിനിധീകരിക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം അവരെ കൊണ്ട് ചെയ്യിക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ ജനാധിപത്യ മൂല്യങ്ങളോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കും.

മോദി സര്‍ക്കാര്‍ വീണ്ടും നടപടികളെ അവഹേളിക്കുകയാണ്. ബി.ജെ.പി- ആര്‍.എസ്.എസ് സര്‍ക്കാരിന് കീഴില്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഓഫീസ് ടോക്കണിസമായി ചുരുങ്ങിപ്പോയി,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

CONTENT HIGHLIGHT: MALLIKARJUN KHARGE ABOUT PARLIAMENT INAUGUARATION