ന്യൂദല്‍ഹി: പ്രതിപക്ഷ സഖ്യത്തിന്റെ പേരായ ഇന്ത്യയുടെ എല്ലാ വാക്കിനും ഓരോ അര്‍ത്ഥമുണ്ടെന്ന് കോണ്‍ഗ്ര്‌സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബി.ജെ.പിയും പ്രധാനമന്ത്രിയും അസ്വസ്ഥരായത് കൊണ്ടാണ് അവര്‍ തീവ്രവാദ സംഘടനയുമായി തങ്ങളെ താരതമ്യം ചെയ്യുന്നതെന്ന് അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിന്റെ ചുരുക്കമാണ് ‘ഇന്ത്യ’. ഇതിലെ ഓരാ വാക്കിനും അര്‍ത്ഥമുണ്ട്. ബി.ജെ.പിയും പ്രധാനമന്ത്രിയും വളരെ അസ്വസ്ഥരാണ്. അതുകൊണ്ടാണ് അവര്‍ ഞങ്ങളെ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദീനുമായും അടിമത്വത്തിന്റെ ചിഹ്നമായ ഈസ്റ്റ് ഇന്ത്യ കമ്പനിയുമായും താരതമ്യം ചെയ്യുന്നത്.
ഇത്തരം രീതിയില്‍ ഇന്ത്യയെക്കുറിച്ച് സംസാരിക്കുക എന്നത് സങ്കല്‍പ്പിക്കാന്‍ സാധിക്കില്ല. ഇന്ത്യ എന്ന പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മാതൃരാജ്യത്തെയും ത്യാഗങ്ങളെയും കൂട്ടായ സത്വത്തെയും കുറിച്ച് ഇന്ത്യക്കാര്‍ അഭിമാനിക്കും. ഞങ്ങളെ അപമാനിക്കുന്നതിലൂടെ ബി.ജെ.പി രാജ്യത്തെയും അപമാനിക്കുന്നു,’ ഖാര്‍ഗെ പറഞ്ഞു.
ഇന്ത്യയെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.
‘പ്രതീക്ഷയറ്റ, പരാജയപ്പെട്ട, മോദിയെ എതിര്‍ക്കുകയെന്ന ഒറ്റ അജണ്ട മാത്രമുള്ളവരുടെ കൂട്ടമാണ് ഇന്ത്യ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യയുണ്ട്. അതുകൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. ഇത്തരത്തില്‍ ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷത്തെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല,’ എന്നാണ് മോദി പറഞ്ഞത്.
എന്നാല്‍ ബിജെ.പി സര്‍ക്കാരിന് ഒരു കാഴ്ചപ്പാടും ആശയങ്ങളും ഇല്ലെന്നതാണ് വസ്തുതയെന്നും വിഭജനമാണ് അവനരുടെ പ്രധാന അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം 150 വര്‍ഷത്തെ ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും ഗുജറാത്ത് മുതല്‍ അരുണാചല്‍ പ്രദേശ് വരെയും തങ്ങളുടെ പ്രവര്‍ത്തകരുണ്ടെന്നും ഖാര്‍ഗെ പറയുന്നു.
ഇന്ത്യ സഖ്യത്തിലെ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസാണെന്നും എന്നാല്‍ ഓരോ പാര്‍ട്ടിക്കും നിര്‍ണായകമായ സ്ഥാനം വഹിക്കാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.
‘സഖ്യത്തിലെ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസാണ്. സഖ്യത്തിന്റെ രൂപീകരണത്തിന് വേണ്ടി ഞാനും രാഹുല്‍ ജിയും പ്രമുഖ നേതാക്കളെ സന്ദര്‍ശിച്ചിരുന്നു. ആദ്യ യോഗം പട്‌നയിലും രണ്ടാമത്തേത് ബെംഗളൂരുവിലും നടന്നു. ഇന്ത്യ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും തുല്യമാണ്. ഓരോ പാര്‍ട്ടിക്കും നിര്‍ണായകമായ പങ്കാളിത്തം വഹിക്കാന്‍ സാധിക്കും. ഭാവിയില്‍ പല കൂട്ടിച്ചേര്‍ക്കലും സഖ്യത്തിലുണ്ടാകും.
ബി.ജെ.പിയുടെ വിദ്വേഷവും ഭിന്നിപ്പും നിറഞ്ഞ രാഷ്ട്രീയത്തിന് പകരം ജനങ്ങള്‍ക്ക് യോജിച്ചതും ക്രിയാത്മകവുമായ അജണ്ട വാഗ്ദാനം ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിക്കുമെന്ന് ഉറപ്പുണ്ട്. ഏഴ് മുഖ്യമന്ത്രിമാര്‍ ഞങ്ങളുടെ സഖ്യത്തിന്റെ ഭാഗമാണ്,’ ഖാര്‍ഗെ പറഞ്ഞു.
CONTENT HIGHLIGHTS: mallikarjun kharge about INDIA