| Tuesday, 9th June 2020, 1:12 pm

'കോണ്‍ഗ്രസ് എപ്പോഴും ചെയ്യാറുള്ളതാണിത്, ചിദംബരത്തെയും കെ.സി വേണുഗോപാലിനെയും നോക്കൂ'; രാജ്യസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആദ്യമായി രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കിറങ്ങിയിരിക്കുകയാണ്. 77 കാരനായ ഖാര്‍ഗെ കര്‍ണാടകയില്‍നിന്നും മത്സരിക്കാനുള്ള തന്റെ നാമനിര്‍ദ്ദേശ പത്രിക തിങ്കളാഴ്ച സമര്‍പ്പിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ പരാജയം രുചിക്കാത്ത നേതാവ് എന്നായിരുന്നു ഖാര്‍ഗെ അറിയപ്പെട്ടിരുന്നത്. കല്‍ബുര്‍ഗി മണ്ഡലത്തില്‍വെച്ച് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഖാര്‍ഗെ ആദ്യമായി പരാജയപ്പെട്ടു.

’47 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനൊടുവില്‍ ഞാന്‍ ആദ്യമായി പരാജയപ്പെട്ടു. കല്യാണ കര്‍ണാടക മേഖലയില്‍ നിരവധി പ്രവര്‍ത്തങ്ങള്‍ ചെയ്തിട്ടും കല്‍ബുര്‍ഗിയിലെ ആളുകള്‍ എനിക്ക് വോട്ട് ചെയ്യാതിരുന്നത് സ്വാഭാവികമായും എന്നെ വേദനിപ്പിച്ചു. പക്ഷേ, ഞാനവരെ കുറ്റപ്പെടുത്തില്ല. മോദിജിയും ബി.ജെ.പിയും ആര്‍.എസ്.എസും ഉണ്ടാക്കിയ മായാവലയത്തില്‍ വീണുപോയതാണ്. ഞാന്‍ ലോക്‌സഭയിലുണ്ടായിരുന്നെങ്കില്‍ അത് നല്ലത് തന്നെയായിരുന്നു. രാജ്യസഭയിലേക്ക് ഒരു അവസരം നല്‍കിയതില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിനോട് ഞാന്‍ നന്ദി പറയുന്നു. എന്റേതൊരു പിന്‍വാതില്‍ പ്രവേശനമാണ്. പക്ഷേ, അവസരത്തെ ഞാന്‍ വിലമതിക്കുന്നു’, ഖാര്‍ഗെ പറഞ്ഞു.

കര്‍ണാടകയില്‍ ജെ.ഡി.എസും കോണ്‍ഗ്രസും മുതിര്‍ന്ന നേതാക്കളെയാണല്ലോ തെരഞ്ഞെടുപ്പിലേക്കിറക്കിയിരിക്കുന്നത് എന്ന ചോദ്യത്തിന് നിങ്ങള്‍ തയ്യാറാണെങ്കില്‍ പ്രായം ഒരു തടസമേ അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചെറുപ്പക്കാരെയും അനുഭവ സമ്പത്തുള്ളവരെയും ഇടകലര്‍ത്തിയാണ് കോണ്‍ഗ്രസ് എപ്പോഴും കളത്തിലിറക്കാറുള്ളത്. മുന്‍ കേന്ദ്ര മന്ത്രി ചിദംബരവും കെ.സി വേണുഗോപാലും ഇതിന് മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്ഥാനമാനങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയത്തില്‍ ഇടപെടുന്ന ആളല്ല താനെന്നും ഖാര്‍ഗെ വ്യക്തമാക്കി. വിദ്യാര്‍ത്ഥി നേതാവായിരിക്കുമ്പോള്‍ മുതല്‍ ഇന്നുവരെ ജനങ്ങള്‍ക്കുവേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളു. രാജ്യസഭാ നാമനിര്‍ദ്ദേശത്തെ അവസാനമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയെയും ജനങ്ങളെയും പിന്തുണയ്ക്കാനും ശക്തിപ്പെടുടത്താനും നിരന്തരം ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more