വേണമെങ്കില്‍ രാഹുലിനെ എന്റെ കൂടെ താമസിപ്പിക്കും; പാര്‍ലമെന്റ് നോട്ടീസിന് പിന്നാലെ പ്രതികരണവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
national news
വേണമെങ്കില്‍ രാഹുലിനെ എന്റെ കൂടെ താമസിപ്പിക്കും; പാര്‍ലമെന്റ് നോട്ടീസിന് പിന്നാലെ പ്രതികരണവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th March 2023, 2:29 pm

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ അപമാനിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇതിന്റെ ഭാഗമായാണ് ദല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുലിനോട് ആവശ്യപ്പെട്ടതെന്നും ഖാര്‍ഗെ പറഞ്ഞു.

വസതിയില്‍ നിന്ന് പുറത്താക്കിയാല്‍ എവിടെ താമസിക്കണമെന്ന് രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നും വേണമെങ്കില്‍ തന്നോടൊപ്പം താമസിപ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വസതി ഒഴിയാന്‍ പറഞ്ഞ് രാഹുല്‍ ഗാന്ധിയെ തളര്‍ത്താമെന്നാണവര്‍ കരുതുന്നത്. വസതി ഒഴിഞ്ഞാല്‍ തന്നെ അദ്ദേഹം തന്റെ അമ്മ സോണിയ ഗാന്ധിയോടൊപ്പമായിരിക്കും താമസിക്കുക. ഇനി അദ്ദേഹത്തിന് സമ്മതമാണെങ്കില്‍ എന്റെ കൂടെ താമസിപ്പിക്കാന്‍ ഞാന്‍ തയ്യാറാണ്.

രാഹുല്‍ ഗാന്ധിയെ അപമാനിക്കാനും ഭീഷണിപ്പെടുത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വസതി ഒഴിപ്പിക്കുന്ന നടപടി ശരിയല്ല. ചില സമയങ്ങളില്‍ മൂന്നും നാലും മാസമൊക്കെ വസതിയില്ലാതെ കഴിയേണ്ട അവസ്ഥ എം.പിമാര്‍ക്ക് വരാറുണ്ട്. ആറ് മാസത്തിന് ശേഷമാണ് എനിക്ക് ബംഗ്ലാവ് അനുവദിച്ച് കിട്ടിയത്. മറ്റൊരാളെ അപമാനിക്കുന്നതിന് തുല്യമായ നടപടിയാണിത്,’ ഖാര്‍ഗെ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ വിഷയത്തില്‍ പ്രതികരണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണു ഗോപാലും രംഗത്തെത്തി. ഔദ്യോഗിക വസതിയെ കുറിച്ച് രാഹുല്‍ ഗാന്ധി ആശങ്കപ്പെടുന്നില്ലെന്നും രാജ്യത്ത് അതിനേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വേറെയും കാര്യങ്ങളുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം ഔദ്യോഗിക വസതി ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ക്കയച്ച കത്തിലാണ് ദല്‍ഹിയിലെ തുഗ്ലക് ലൈന്‍ ബംഗ്ലാവ് ഒഴിയുന്നതായി രാഹുല്‍ അറിയിച്ചത്. 2004ല്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രാഹുല്‍ ഇവിടെയായിരുന്നു താമസം.

2019ല്‍ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ രാഹുലിനെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി പാര്‍ലമെന്റ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ഔദ്യോഗിക വസതി ഒഴിയണമെന്ന് കാണിച്ച് രാഹുല്‍ ഗാന്ധിക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസയച്ചത്.

Content Highlight: mallikarjun garkhe statement on rahul gandhi