മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും മകന്‍ പ്രിയങ്കിനുമെതിരെ അജ്ഞാതന്റെ ഭീഷണി
national news
മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും മകന്‍ പ്രിയങ്കിനുമെതിരെ അജ്ഞാതന്റെ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th June 2020, 9:55 am

ബെംഗളൂരു: രാജ്യസഭാ സ്ഥാനാര്‍ത്ഥിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും മകനുമെതിരെ ഫോണിലൂടെ ഭീഷണി. രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഭീഷണി.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഖാര്‍ഗെയ്ക്ക് ഭീഷണിയുമായി ഫോണ്‍കോള്‍ വന്നത്. അതിന് ശേഷം മകനും കോണ്‍ഗ്രസ് എം.എല്‍.എയുമായ പ്രിയങ്കിന് അദ്ദേഹത്തിന്റെ മൊബൈലിലേക്ക് ഒരു പ്രൈവറ്റ് നമ്പറില്‍ നിന്നും ഭീഷണിപ്പെടുത്തികൊണ്ട് കോള്‍ വരികയായിരുന്നു.

ഭീഷണിപ്പെടുത്തിയയാള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ചെന്നും അച്ഛനായ ഖാര്‍ഗെയെക്കുറിച്ച് മോശമായി സംസാരിച്ചെന്നും പ്രിയങ്ക് പറഞ്ഞു.

ഫോണ്‍ വിളിച്ചയാള്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് എടുത്ത് പറയുകയും ഖാര്‍ഗെയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രിയങ്ക് എം.എല്‍.എ ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി പ്രവീണ്‍ സൂദിന് പരാതി നല്‍കി. മുന്‍ നിയമസഭാ കൗണ്‍സില്‍ അംഗം രമേഷ് ബാബു പരാതിയുടെ കോപ്പി ചൊവ്വാഴ്ച ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

77 കാരനായ ഖാര്‍ഗെ കര്‍ണാടകയില്‍നിന്നും മത്സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രിക തിങ്കളാഴ്ചയാണ് സമര്‍പ്പിച്ചത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ പരാജയം രുചിക്കാത്ത നേതാവ് എന്നായിരുന്നു ഖാര്‍ഗെ അറിയപ്പെട്ടിരുന്നത്. കല്‍ബുര്‍ഗി മണ്ഡലത്തില്‍വെച്ച് 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഖാര്‍ഗെ ആദ്യമായി പരാജയപ്പെട്ടു.

കോണ്‍ഗ്രസിന്റെ പിന്തുണയോടുകൂടി രാജ്യസഭയിലേക്കെത്താന്‍ ജെ.ഡി.എസ് നേതാവ് എച്ച്. ഡി ദേവഗൗഡയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

രാജ്യസഭാംഗങ്ങളായ പ്രഭാകര്‍ കോര്‍ (ബി.ജെ.പി), എം.വി രാജീവ് ഗൗഡ, ബി. കെ ഹരിപ്രസാദ് (കോണ്‍ഗ്രസ്), ജെ.ഡി.എസില്‍ നിന്നുള്ള റിയല്‍ എസ്റ്റേറ്റ് വ്യവസായി കുപേന്ദ്ര റെഡ്ഡി തുടങ്ങിയവരുടെ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരെഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കാനിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ