നന്ദനം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്ന് വന്ന് ഇന്ന് ഇന്ത്യന്‍ സിനിമയില്‍ തന്നെ തന്റേതായ ഒരു സ്ഥാനം അലങ്കരിക്കുന്ന നടനാണ് പൃഥ്വിരാജ് സുകുമാരന്‍. അഭിനയത്തിന് പുറമെ സംവിധായകന്‍, നിര്‍മാതാവ്, ഗായകന്‍ എന്നീ മേഖലകളിലും തന്റെ സാന്നിധ്യമറിയിക്കാന്‍ പൃഥ്വിക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളില്‍ അഭിനയിച്ച പൃഥ്വി നിരവധി സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്.
നന്ദനം സിനിമയിലെ പൃഥ്വിരാജിന്റെ ആദ്യ ഷോട്ടിനെ കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍. ചിത്രത്തിലെ മനു എന്ന കഥാപാത്രം അച്ഛന്റെ ഫോട്ടോ തൊട്ടു തൊഴുന്നൊരു സീന്‍ ഉണ്ടായിരുന്നെന്നും അതായിരുന്നു പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിലെ ആദ്യത്തെ ഷോട്ടെന്ന മല്ലിക പറയുന്നു.
ആദ്യ ഷോട്ട് തന്നെ അച്ഛനെ തൊഴുതുകൊണ്ട് തുടങ്ങാന്‍ പറ്റിയല്ലോ എന്നോര്‍ത്ത് തന്റെ മനസ് നിറഞ്ഞെന്നും അത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.
‘നന്ദനം സിനിമയിലെ പൃഥ്വിയുടെ ആദ്യത്തെ ഷോട്ട് അവന്റെ അച്ഛന്റെ ഫോട്ടോയില്‍ തൊട്ടു തൊഴുന്നതായിരുന്നു. സിനിമയില്‍ മനുവിന്റെ അച്ഛനായിട്ട് കാണിക്കുന്നതും സുകുവേട്ടനെത്തന്നെയാണ്. സിനിമാ ജീവിതത്തിലെത്തന്നെ അവന്റെ ആദ്യത്തെ ഷോട്ട് തുടങ്ങുന്നത് സുകുവേട്ടനെ തൊഴുതുകൊണ്ടാണ്. ഞാന്‍ ഉണ്ടായിരുന്നു അന്ന് അവിടെ.
രേവതിയും മോനും കൂടെ അച്ഛാ അനുഗ്രഹിക്കണം എന്ന് പറയുന്ന ഡയലോഗോ മറ്റോ ആയിരുന്നു. അത് കണ്ടപ്പോള്‍ എന്റെ മനസ് നിറഞ്ഞു. വല്ലാത്ത ഒരു ഫീലായിരുന്നു. ആദ്യമായിട്ട് അവന്‍ സിനിമയില്‍ അഭിനയിച്ചപ്പോള്‍ അത് സുകുവേട്ടന്റെ മുന്നില്‍ നിന്ന് തുടങ്ങിയല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്.
ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് രഞ്ജിത്ത് എന്റെ അടുത്ത് വന്ന് ചോദിച്ചിരുന്നു സുകുമാരേട്ടന്റെ ഫോട്ടോ തന്നെ വെച്ചോട്ടെയെന്ന്. അത് നല്ലതല്ലേയെന്ന് പറഞ്ഞ് ഞാന്‍ തന്നെ ഫോട്ടോ വെക്കാനുള്ള അനുവാദം കൊടുത്തതും. അത് കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി,’ മല്ലിക സുകുമാരന്‍ പറയുന്നു.
Content Highlight: Mallika Sukumaran Talks About Prithviraj’s First Shot In Nandanam Movie